ആഭ്യന്തരസുരക്ഷ: മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമത പങ്കെടുക്കുന്നില്ല

single-img
16 April 2012

ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ചുകൂട്ടിയ  മുഖ്യമന്ത്രിമാരുടെ  യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും.  രാജ്യത്ത് തീവ്രവാദവിരുദ്ധ നടപടി  ശക്തിപ്പെടുത്തല്‍, രഹസ്യാന്വേഷണ സംവിധാനം മെച്ചപ്പെടുത്തല്‍,  മാവോവാദിപ്രശ്‌നം, പോലീസ് സേന  പരിഷ്‌കരണം, തീരദേശ സുരക്ഷ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍  തുടങ്ങിയവ  യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.

 

മന്‍മോഹന്‍സിംങ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍  പശ്ചിമബംഗാള്‍  മുഖ്യമന്ത്രിയായ മമതാ ബാനര്‍ജി പങ്കെടുക്കില്ല, എങ്കിലും ബംഗാളിനെ  പ്രതിനിധാനം ചെയ്ത് ധനമന്ത്രി അമിത് മിത്ര പങ്കെടുക്കും. ഈ യോഗത്തില്‍ പങ്കെടുക്കാത്തതിന് പ്രത്യേക കാരണങ്ങളൊന്നും  മമത പറഞ്ഞിട്ടില്ല. ആഭ്യന്തര മന്ത്രി പി.ചിദംബരം യോഗത്തില്‍ ആമുഖ പ്രസംഗം നടത്തും.

മാവോഭീഷണി നിലനില്‍ക്കുന്ന  ഒമ്പത് സംസ്ഥാനങ്ങളിലെ  മുഖ്യമന്ത്രിമാര്‍  പങ്കെടുക്കുന്ന  പ്രത്യേക ചര്‍ച്ച ഈ സമ്മേളനത്തിന്റെ  ഭാഗമായി നടക്കും.  വിവാദമായ ദേശീയഭീകരവിരുദ്ധ കേന്ദ്രരൂപീകരണം ഈ സമ്മേളനത്തില്‍  ചര്‍ച്ചചെയ്യാനായിരുന്നു ആഭ്യന്തര മന്ത്രാലയം ആദ്യം തീരുമാനിച്ചതെങ്കിലും  മമതാ ബാനര്‍ജിയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും ഒഡീഷ മുഖ്യമന്ത്രിയായ  നവീന്‍ പാട്‌നായികും  ഇതിനെ  എതിര്‍ത്തനതിനെ  തുടര്‍ന്ന് ഈ വിഷയം ചര്‍ച്ചചെയ്യാന്‍  പ്രത്യേക യോഗം  മെയ് അഞ്ചിന് വിളിച്ചുകൂട്ടുമെന്ന് തീരുമാനിച്ചു. ഈ യോഗത്തില്‍ മമത പങ്കെടുക്കും.