മെസ്സി മാജിക് ; ബാഴ്സ ചാമ്പ്യൻസ് ലീഗ് സെമിയിൽ

single-img
4 April 2012

ഫുട്ബോൾ ചക്രവർത്തിയുടെ സ്വന്തം ടീമിന് ഭയക്കേണ്ട കാര്യമൊന്നുമില്ലെന്ന് തെളിയിച്ച് സ്പാനിഷ് വമ്പന്മാരും നിലവിലെ ജേതാക്കളുമായ ബാഴ്സലോണ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനിലേയ്ക്ക് കുതിച്ചു.വിജയത്തിൽ രണ്ട് ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ച ലയണൽ മെസ്സിയെന്ന ചക്രവർത്തി രണ്ട് റെക്കോഡുകൾ കൂടി തന്റെ പേരിലാക്കി.ബാഴ്സയുടെ തട്ടകമായ നൌകാമ്പിൽ വെച്ച് നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോരാളികൾ നിറഞ്ഞ ഇറ്റാലിയൻ ക്ലബ്ബ് എ.സി.മിലാനെ അവർ മുട്ടുകുത്തിച്ചത്.കളിയുടെ പതിനൊന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മെസ്സി നേടിയ ഗോൾ ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ അൻപതാം ഗോൾ ആയിരുന്നു.ഇതോടെ ചാമ്പ്യൻസ് ലീഗിൽ ഗോളുകളുടെ ഹാഫ് സെഞ്ച്വറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരിക്കുകയാണ് ഇരുപത്തിനാലുകാരനായ അർജന്റീനൻ താരം.ആദ്യ പകുതി അവസാനിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ലഭിച്ച പെനാൽറ്റിയും വലയിലെത്തിച്ച് ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗോൾ നേട്ടം 14 ആക്കി ഉയർത്തിയ മെസ്സി ഈ വകയിൽ തന്റെയും റൂഡ് വാൻ നിസ്റ്റൽ റോയിയുടെയും സീസണിൽ 12 ഗോളുകൾ എന്ന നേട്ടത്തെയും പഴങ്കഥയാക്കി.

ആദ്യപകുതിയിലെ മുപ്പതാം മിനിറ്റിൽ തന്നെ ആന്റണി നൊസേറിയയിലൂടെ മിലാൻ തിരിച്ചടിച്ചെങ്കിലും ആദ്യപാദത്തിൽ ഗോൾ രഹിത സമനിലയിൽ കുരുക്കിയ മികവിലേക്കെത്താൻ അവർക്കായില്ല.രണ്ടാം പകുതിയിൽ അൻപത്തി മൂന്നാം മിനിറ്റിൽ ആന്ദ്രേ ഇനിയെസ്റ്റ ബാഴ്സയുടെ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തിയതോടെ നിലവിലെ ചാമ്പ്യന്മാർ സുരക്ഷിതമായി സെമിയിലെത്തി.ചെൽസിയും ബെൻഫിക്കയും തമ്മിൽ നടക്കുന്ന ക്വാർട്ടർ മത്സരത്തിലെ വിജയിയെ അവർ സെമിയിൽ നേരിടും.മത്സരത്തിൽ ബാഴ്സയ്ക്കനുകൂലമായി റഫറി പ്രവർത്തിച്ചു എന്ന് മിലാൻ താരങ്ങൾ ആരോപണമുയർത്തിയിട്ടുണ്ട്.ജർമ്മൻ ടീം ബയറൺ മ്യൂണികും സെമിയിലെത്തിയ ടീമുകളിൽ ഒന്നായി.ഫ്രഞ്ച് ടീം മാഴ്സയെയാണ് 2-0 ത്തിന് അവർ പരാജയപ്പെടുത്തിയത്.