ഭൂമിയ്ക്കായി ഇന്ന് ഭൌമമണിക്കൂർ

single-img
31 March 2012

മനുഷ്യന്റെ കൈവിട്ട കളിയിൽ ഭൂമിയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന വിഭവങ്ങളുടെ അളവ് ദിവസം തോറും കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമേയില്ല.അതു കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്,ഒപ്പം ജീവ ജാലങ്ങളുടെ നില നിൽ‌പ്പിന്റെയും.അതിലേയ്ക്കായുള്ള ചെറിയൊരു ചുവടുവെയ്പ്പാണ് എർത്ത് അവർ അഥവാ ഭൌമ മണിക്കൂർ.മാർച്ചിലെ അവസാന ശനിയാഴ്ച ആയ ഇന്ന് ലോകമെന്നും ഒരു മണിക്കൂർ നേരം,8.30 മുതൽ 9.30 വരെ,വൈദ്യുതവിളക്കുകളണച്ച് ഭൂമിയിലെ ഊർജ സംരക്ഷണത്തിൽ പങ്കുചേരും.അമിത ഊർജ ഉപയോഗത്താലും മറ്റും ഉണ്ടാകുന്ന ആഗോളതാപനത്തെയും അതിന്റെ ഫലമായ കാലാവസ്ഥാവ്യതിയാനത്തെയും ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു മണിക്കൂർ ആചരിക്കുന്നത്.2007 മാർച്ച് 31 ന് ആസ്ട്രേലിയയിലെ സിഡ്നിയിൽ തുടങ്ങിയ ഈ യത്നത്തിലൂടെ പരിസ്ഥിതി സ്നേഹത്തിന്റെ പുതിയൊരു സന്ദേശമാണ് ലോകമെങ്ങും പരന്നത്.ആദ്യ വർഷം 22 ലക്ഷം ജനങ്ങളും 2000 വ്യാപാരികളും ഇതിന്റെ ഭാഗമായപ്പോൾ 2011 ൽ 135 രാജ്യങ്ങളിലെ 5200 നഗരങ്ങളിലായി 180 കോടിപ്പേർ ആണ് ഭൂമിയെ രക്ഷിക്കാനായി മുന്നോട്ട് വന്നത്.ഈ വർഷം കണക്കുകൾ ഇതിലും കൂടുമെന്നാണ് പ്രതീക്ഷ.വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ(WWF) എന്ന പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തിലാണ് എർത്ത് അവർ ആചരിക്കപ്പെടുന്നത്.

ഇന്ത്യയിലും വിപുലമായ രീതിയിൽ തന്നെയാണ് എർത്ത് അവറിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.സച്ചിൻ തെണ്ടുൽക്കറാണ് ദേശീയ തലത്തിൽ ഈ യത്നത്തിന്റെ ബ്രാൻഡ് അംബാസിഡർ.2009 മുതൽ ഇവിടെ തുടക്കം കുറിച്ച ഭൌമ മണിക്കൂറിൽ കഴിഞ്ഞ വർഷം പങ്കെടുത്തവരിൽ ഇന്ത്യൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടുന്നു.ഈ വർഷം “എർത്ത് അവർ ചാമ്പ്യൻ സിറ്റി“യാകാൻ ഡൽഹി,കൊൽക്കത്ത,മുംബൈ,ഹൈദരാബാദ്,ബാംഗ്ലൂർ എന്നീ നഗരങ്ങൾ മത്സരിക്കുന്നുമുണ്ട്.ഈ ഒരു മണിക്കൂറിൽ പങ്കെടുക്കുന്നവരുടെ എണ്ണം,ലാഭിക്കുന്ന ഊർജത്തിന്റെ അളവ്,പ്രധാന സ്ഥാപനങ്ങളുടെ എണ്ണം തുടങ്ങിയവ കണക്കാക്കിയാണ് ഈ ബഹുമതി നൽകപ്പെടൂന്നത്.ഊർജ പ്രതിസന്ധി നേരിടുന്ന കേരളത്തിനും ഈ ഒരു മണിക്കൂറിൽ ലാഭിക്കുന്ന വൈദ്യുതി കൊണ്ട് വളരെയധികം പ്രയോജനമുണ്ടാകുമെന്നതിൽ തർക്കവുമില്ല.എന്നാൽ നമുക്കൊരുമിച്ച് വിളക്കുകളണക്കാം..ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ …ഭൂമിയുടെ രക്ഷയ്ക്കായി കൈകോർക്കാം…..