നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ഇനി കൊള്ളയ്ക്ക് കേസ്

single-img
27 March 2012

നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തിയാല്‍ കൊള്ളയ്ക്ക് കേസടുക്കുമെന്ന്  പോലീസ്. നോക്കുക്കൂലി ആവശ്യപ്പെടുന്നത് പൗരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ്  സംസ്ഥാന സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.  നോക്കുകൂലി ആവശ്യപ്പെട്ടതായി അറിഞ്ഞാല്‍ സബ്ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത്  എത്തണം.

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ  പോലീസ് സ്വമേധയാ കേസെടുക്കണമെന്നും പിടിച്ചുപറിക്കുക, ഭീഷണിപ്പെടുത്തുക, നിയമവിരുദ്ധമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ നോക്കുകൂലിക്കാര്‍ക്കെതിരെ ആരോപിക്കണമെന്നും ഈ സര്‍ക്കുലറില്‍ പറയുന്നു.

നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍ പൊതുജനങ്ങളെയോ കമ്പനി ഉടസസ്ഥരേയോ മാനസികമായി പീഡിപ്പിക്കുന്നതായി കണ്ടാല്‍ കൊള്ളയ്ക്ക് കേസെടുക്കണം. അംഗീകൃത ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ ആണ് നോക്കുകൂലി ആവശ്യപ്പെടുന്നതെങ്കില്‍ മേല്‍ പറഞ്ഞ നടപടിക്കു പുറമെ ലേബര്‍ ഓഫീസറെ കൂടി അറിയുക്കുകയും വേണം.

നോക്കുകൂലി ആവശ്യപ്പെടുന്ന കേസുകളില്‍ ഓരോ മാസവും ജില്ലാപോലീസ് സൂപ്രണ്ടുമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ പോലീസ് ഓഫീസര്‍മാര്‍ ഈ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തേക്ക്  അയക്കണമെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.