അഴിമതിയ്‌ക്കെതിരെ വീണ്ടും അണ്ണാ ഹസാരെ

single-img
25 March 2012

ലോക്പാല്‍ ബില്‍ വിഷയം സജീവമായിരിക്കേ, കേന്ദ്ര സര്‍ക്കാരിനെയും മന്ത്രിമാരെയും വിമര്‍ശിച്ച് അന്നാ ഹസാരെ ഏകദിന ഉപവാസം നടത്തി. ശക്തമായ ലോക്പാല്‍ ബില്‍ എന്ന വിഷയത്തിനു പുറമേ, ഖനിമാഫിയയെ നിയന്ത്രിക്കണമെന്ന ആവശ്യവും ഉന്നയിച്ചാണു ഹസാരെ ഒരു ഇടവേളയ്ക്കു ശേഷം ജന്തര്‍മന്തറില്‍ നിരാഹാരം നടത്തിയത്. എന്നാല്‍, അഴിമതി തടയാനുള്ള നിയമം അന്നാ ഹസാരെയല്ല, പാര്‍ലമെന്റാണു നിര്‍മിക്കുകയെന്നു കോണ്‍ഗ്രസ് ഇതിനെക്കുറിച്ചു പ്രതികരിച്ചു.

ഒരു വര്‍ഷത്തിനിടെ ഇത് ആറാം തവണയാണ് അഴിമതിവിഷയം ഉയര്‍ത്തി അന്നാ ഹസാരെ നിരാഹാരമിരിക്കുന്നത്. കഴിഞ്ഞ സമരങ്ങള്‍ ജന ലോക്പാല്‍ ബില്‍ എന്ന ആവശ്യത്തിനുവേണ്ടിയായിരുന്നെങ്കില്‍ ഇത്തവണ അതിനു പുറമേ രണ്ട് ആവശ്യങ്ങള്‍ കൂടി ഹസാരെ സംഘം മുന്നോട്ടു വച്ചിട്ടുണ്ട്. അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്കു സംരക്ഷണം ഉറപ്പാക്കുക, രാജ്യത്തെ പൊതുസമ്പത്തു കൊള്ളയടിക്കുന്ന ഖനി മാഫിയയെ നിയന്ത്രിക്കുക എന്നിവയാണു പുതിയ ആവശ്യങ്ങള്‍.