അഴിമതിക്കേസുകളുടെ മേല്‍നോട്ടത്തിനുള്ള അധികാരം ലോക്പാലിന് നല്‍കും

single-img
23 March 2012

അഴിമതിക്കേസുകളുടെ മേല്‍നോട്ടത്തിനുള്ള അധികാരം ലോക്പാലിന് നല്‍കാന്‍ ധാരണയായി. ഇതനുസരിച്ച് സിബിഐ ഉള്‍പ്പെടെയുളള ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളുടെ മേല്‍നോട്ടം ലോക്പാലിനായിരിക്കും. ലോക്പാല്‍ ബില്ല് രാജ്യസഭയില്‍ പാസാക്കുന്നതിനായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

ലോകായുക്തയുടെ ഘടന, അധികാരം തുടങ്ങിയവ നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കാനും ധാരണയായിട്ടുണ്ട്. ലോകായുക്തയെക്കുറിച്ച് പരാമര്‍ശിക്കുന്ന ബില്ലിലെ വ്യവസ്ഥ (ചാപ്റ്റര്‍-3) പൂര്‍ണമായി എടുത്തുകളയണമെന്നുപോലും ചില നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ ലോക്‌സഭ പാസാക്കിയ ലോക്പാല്‍ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും പരാജയപ്പെടുമെന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. 97 ഭേദഗതികളാണ് ബില്ലില്‍ പ്രതിപക്ഷം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഒന്നും അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍. ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ പ്രതിപക്ഷ പിന്തുണ കൂടിയേ തീരുവെന്ന ഘട്ടത്തിലാണ് ഈ നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയാറായത്. കേന്ദ്രമന്ത്രിമാരായ പ്രണാബ് മുഖര്‍ജി, പി. ചിദംബരം, എ.കെ. ആന്റണി, സല്‍മാന്‍ ഖുര്‍ഷിദ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, സിപിഐ നേതാവ് എ.ബി. ബര്‍ദന്‍ അടക്കമുള്ളവര്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ 11 മണിയോടെ ആരംഭിച്ച യോഗം ഒന്നരമണിക്കൂറോളം നീണ്ടു.