ഖനി അഴിമതിയാരോപണം ശരിയല്ലെന്ന് സിഎജി

single-img
22 March 2012

കേന്ദ്ര സർക്കാറിന് പുതിയ തലവേദനയുമായി ഉയർന്ന കൽക്കരി ഖനി അഴിമതി വിവാദം ശരിയല്ലെന്ന് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ.സിഎജി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്ന് പറഞ്ഞ് പുറത്ത് വന്ന മാധ്യമ വാർത്തകൾ ആണ് ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ കൊണ്ട് യുപിഎ സർക്കാറിന്റെ വരും ദിനങ്ങൾ സംഭവ ബഹുലമാക്കുമെന്ന് ആശങ്ക ഉയർത്തിയത്.2004 മുതൽ 2009 വരെയുള്ള കാലയളവിൽ രാജ്യത്തങ്ങോളമിങ്ങോളം 155 ഖനികൾ ലേലം ചെയ്യാതെ അനുവദിച്ചതുമായി ബന്ധപ്പെട്ട് പൊതു ഖജനാവിന് 10.67 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന്  സിഎജിയുടെ ഏറ്റവും പുതിയ കണക്കെടുപ്പിൽ പറയുന്നു എന്ന റിപ്പോർട്ടാണ് ഒച്ചപ്പാടുണ്ടാക്കിയത്.സിമന്റ്,ഊർജം,സ്റ്റീൽ വിഭാഗങ്ങളിൽ പെട്ട നൂറോളം സ്വകാര്യ-പൊതുമേഖല കന്വനികൾക്ക് ഇതിലൂടെ അനധികൃതമായി ലാഭം ഉണ്ടാക്കിയെന്നും പറഞ്ഞിരുന്നു.ഇതേത്തുടർന്ന് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തിയപ്പോൾ രണ്ട് സഭകളും ഉച്ച വരെ നിർത്തിവെക്കേണ്ടി വന്നിരുന്നു.സിബിഐ അന്വേഷണവും പ്രധാനമന്ത്രിയുടെ വിശദീകരണവും ആവശ്യപ്പെട്ടായിരുന്നു ബഹളം.പ്രധാനമന്ത്രിക്കയച്ച കത്തിലാണ് മാധ്യമങ്ങളിൽ വന്ന വാർത്ത  തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിഎജി വ്യക്തമാക്കിയിരിക്കുന്നത്.