നഷ്ടപ്പെട്ടത് ആശയസമരങ്ങളിലെ അതികായകനെ…

single-img
22 March 2012

കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ തമ്മിലുള്ള ആശയ സമരങ്ങളില്‍ തളര്‍ന്നു വീണ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ജീവജലം നല്‍കി ഉണര്‍ത്തിയ നേതാവായിരുന്നു ചീരപ്പന്‍ ചിറയില്‍ കുമാരപ്പണിക്കര്‍ ചന്ദ്രപ്പന്‍ എന്ന സി.കെ. ചന്ദ്രപ്പന്‍. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ വക്താവിനെയും ഇടതുപക്ഷത്തിന്റെ മുന്‍നിര പോരാളിയെയുമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളത്തിനുണ്ടായിരിക്കുന്നത്. രണ്ടാം തവണയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ടിച്ചു വരുമ്പോഴാണ് മരണം അദ്ദേഹത്തെ കൊണ്ടുപോയത്.

‘വയലാര്‍ സ്റ്റാലിന്‍’ എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി 1936 നവംബര്‍ 11ന് ജനനം. ചേര്‍ത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് ചിറ്റൂര്‍ ഗവ. കോളജിലുമായി ബിരുദപഠനം പൂര്‍ത്തിയാക്കിയ ചന്ദ്രപ്പന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവനായ അദ്ദേഹം 1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, എ.ഐ.വൈ.എഫ് ജനറല്‍സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.ഗോവ വിമോചന സമരത്തില്‍ പങ്കെടുത്ത ചന്ദ്രപ്പന്‍ നിരവധി വിദ്യാര്‍ത്ഥിയുവജന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഡല്‍ഹി തീഹാര്‍ ജയിലിലും, കൊല്‍ക്കത്ത റസിഡന്‍സി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു.

മൂന്നുതവണ പാര്‍ലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1971ല്‍ തലശ്ശേരി മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി അദ്ദേഹം പാര്‍ലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂര്‍ ആയപ്പോള്‍ 1977ലും തെരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ തൃശ്ശൂര്‍ ലോകസഭാമണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. ഇതിനിടെ 1987ല്‍ ചേര്‍ത്തല നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വയലാര്‍ രവിയോട് പരാജയപ്പെട്ടു. 1991ല്‍ ഇതേ മണ്ഡലത്തില്‍ വയലാര്‍ രവിയെ തോല്‍പ്പിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി. എന്നാല്‍ 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണിയോട് പരാജയപ്പെട്ടു.

സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാന്‍ സഭാ ദേശീയ പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചു വരികെയാണ് പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തിയത്. അനാരോഗ്യം മൂലം വെളിയം ഭാര്‍ഗവന്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 2010 നവംബര്‍ 14ന് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2012 ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ച് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.

കെടിഡിസി ചെയര്‍മാന്‍, കേരഫെഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ചന്ദ്രപ്പന്‍ ഇപ്പോള്‍ പ്രഭാത് ബുക്ക്ഹൗസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും അഖിലേന്ത്യാ വര്‍ക്കിംഗ് വിമന്‍സിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. ഇവര്‍ ബംഗാളിയാണ്.