പാകിസ്ഥാൻ ഏഷ്യൻ ചാമ്പ്യന്മാർ;ഹൃദയങ്ങളുടെ ചാമ്പ്യന്മാരായി ബംഗ്ലാ കടുവകൾ

single-img
22 March 2012

കൂപ്പി നിന്ന കൈകൾക്കും ഉരുകിയ മനസ്സുകൾക്കും അവസാന പന്തിൽ അർഹമായ വിജയം ബംഗ്ലാദേശിൽ നിന്ന് അകന്നത് കാണാനേ കഴിഞ്ഞുള്ളു.ഏഷ്യയുടെ ചാമ്പ്യൻ പട്ടം അനുഭവ സമ്പത്തിന്റെ കൂടെ നിന്നപ്പോൾ അവസാന ചിരി പാക്കിസ്ഥാന് സ്വന്തമായി.ആകാംക്ഷ നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ 2 റൺസിന് അവർ ബംഗ്ലാദേശിന്റെ പുതുരക്തത്തെ പരാജയപ്പെടുത്തി. കറുത്ത കുതിരയെന്ന വിശേഷണവും അട്ടിമറിയെന്ന അത്ഭുതവും ഇനി അധികകാലം തങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ടി വരില്ലെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞു കൊണ്ട് പോരാട്ടവീര്യത്തിന്റെ പുതിയ മാതൃകയാണ് ഈ ടൂർണമെന്റിലുടനീളം ബംഗ്ലാ കടുവകൾ പുറത്തെടുത്തത്.നിലവിലെ ലോകചാമ്പ്യന്മാരെയും മുൻ ചാമ്പ്യന്മാരെയും പരാജയപ്പെടുത്തി ഫൈനലിലെത്തിയ അവർക്ക് നേരിടേണ്ടിയിരുന്നതും പഴയൊരു ലോകചാമ്പ്യനെ.അവിടെയും ഓൾ റൌണ്ട് മികവിലൂടെ അവർ കത്തി കയറിയപ്പോൾ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് എടുക്കാനേ പാക്കിസ്ഥാന് കഴിഞ്ഞുള്ളു.അവരിൽ ആർക്കും അർദ്ധശതകം പോലും നേടാൻ കഴിഞ്ഞില്ല.സർഫാസ് അഹമ്മദ് 46 റൺസുമായി ടോപ് സ്കോറർ ആയപ്പോൾ ബംഗ്ലാദേശിന് വേണ്ടി മൊർത്താസ,അബ്ദുർ റസാക്ക്,ഷാക്കിബ് അൽ ഹസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കം ലഭിച്ചു.തമീം ഇഖ്ബാൽ 60(90 ബോളുകൾ) റൺസെടുത്തപ്പോൾ ഷാക്കിബ് അൽ ഹസൻ 68(95 ബോളുകൾ) റൺസ് നേടി.എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളെടുത്ത പാക്കിസ്ഥാൻ അവസാന പന്തുവരെ പോരാട്ടം നീട്ടിക്കൊണ്ട് പോകുന്നതിൽ വിജയിച്ചു.ഉത്കണ്ഡ നിറഞ്ഞ അവസാന ഓവർ വിജയകരമായി പൂർത്തിയാക്കിയ ഐസാസ് ചീമ 3 വിക്കറ്റ് നേടി.ഒടുവിൽ അവസാന ബോളിൽ വേണ്ടിയിരുന്ന 4 റൺസ് എടുക്കാൻ കഴിയാതെ തോൽവി സമ്മതിക്കുകയായിരുന്നു ബംഗ്ലാ കടുവകൾ.ഓൾ റൌണ്ട് പ്രകടനത്തിന് പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രിദി മാൻ ഓഫ് ദ മാച്ച് ആയപ്പോൾ ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ ടൂർണ്ണമെന്റിന്റെ താരമായി.ചരിത്രത്തിൽ രണ്ടാം തവണയാണ് പാക്കിസ്ഥാൻ ഏഷ്യൻ ചാമ്പ്യന്മാരാകുന്നത്.