എസ്പിയും ബിഎസ്പിയും തുണച്ചു; രാജ്യസഭയിലും യുപിഎയ്ക്കു വിജയം

single-img
20 March 2012

കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കാന്‍ ബിജെപിയും ഇടതുപാര്‍ട്ടികളും സംയുക്തമായി ഇന്നലെ രാജ്യസഭയില്‍ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു നടത്തിയ നീക്കം പരാജയപ്പെട്ടു. ലോക്‌സഭയില്‍ തിങ്കളാഴ്ച പ്രതിപക്ഷ നീക്കത്തെ സമാനരീതിയില്‍ യുപിഎ പരാജയപ്പെടുത്തിയിരുന്നു. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനു പ്രതിപക്ഷ ഭേദഗതികളെ 23 വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുത്താനായതു യുപിഎ സര്‍ക്കാരിന്റെ ആത്മവിശ്വാസം കൂട്ടുന്നതായി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തില്‍ ബിജെപി, സിപിഎം, സിപിഐ, എഡിഎംകെ, ബിജെഡി നേതാക്കള്‍ കൊണ്ടുവന്ന ഭേദഗതികള്‍ രാജ്യസഭ വോട്ടിനിട്ടു തള്ളി. ദേശീയ ഭീകരവിരുദ്ധകേന്ദ്രം (എന്‍സിടിസി) സ്ഥാപിക്കുന്നതിനെതിരേയുള്ള പ്രതിപക്ഷ ഭേദഗതികളാണ് 82-നെതിരേ 105 വോട്ടുകള്‍ക്ക് രാജ്യസഭ തള്ളിയത്. രാജ്യസഭയില്‍ യുപിഎയ്ക്കു ഭൂരിപക്ഷം ഇല്ലെങ്കിലും സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തതു പ്രതിപക്ഷത്തിനു കനത്ത തിരിച്ചടിയും സര്‍ക്കാരിനു വന്‍വിജയവുമായി.

ബിഎസ്പിയുടെ 17 അംഗങ്ങളും എസ്പിയുടെ നാല് എംപിമാരും സര്‍ക്കാരിനെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോള്‍, യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കാളികളാകാതെ വിട്ടുനിന്നു. 245 അംഗ രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിന് 97 എംപിമാരാണുള്ളത്. ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു പുറമേ എസ്പി, ബിഎസ്പി എംപിമാരും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നിരുന്നു.