ബംഗ്ലാ വീര്യത്തിൽ തട്ടി ഇന്ത്യ പുറത്ത്

single-img
20 March 2012

ശ്രീലങ്കയോട് ബംഗ്ലാദേശ് തോറ്റാൽ ഏഷ്യ കപ്പിന്റെ ഫൈനലിൽ എത്താമെന്ന പ്രതീക്ഷയുമായി കാത്തിരുന്ന ടീം ഇന്ത്യയ്ക്ക് നിരാശയോടെ മടക്കം.മഴ രസം കെടുത്തിയ മത്സരത്തിൽ മികച്ച ഓൾ റൌണ്ട് പ്രകടനത്തിന്റെ അകന്വടിയോടെയാണ് ബംഗ്ലാ കടുവകൾ 5 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.ശ്രീലങ്ക ഉയർത്തിയ 232 ന്റെ വിജയ ലക്ഷ്യം ഡക് വർത്ത് ലൂയിസ് നിയമപ്രകാരം പുതുക്കി നിശ്ചയിച്ചപ്പോൾ ബംഗ്ലാദേശിന് 40 ഓവറിൽ 212 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്.ഒടുവിൽ 17 പന്തുകൾ ബാക്കി നിൽക്കെ അവർ അത് നേടിയെടുത്തപ്പോൾ ഷേര ബംഗ്ലാ സ്റ്റേഡിയം നിറഞ്ഞ കരഘോഷം മുഴക്കി തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ അനുമോദിച്ചു.പ്രധാനമന്ത്രി ശെയ്ക് ഹസീനയും എഴുന്നേറ്റ് നിന്ന് അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.തന്റ്റെ ഓൾ റൌണ്ട് പ്രകടനത്തിനു,56 റൺസ്,2 വിക്കറ്റ്,ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ മാൻ ഓഫ് ദി മാച്ച് പുരസ്കാരം കരസ്ഥമാക്കി.ഇതോടെ ഇന്ത്യ ഫൈനലിൽ എത്താതെ പുറത്തായി.

തമീം ഇഖ് ബാലിന്റെയും ( 59 റൺസ്) ഷാക്കിബ് അൽ ഹസന്റെയും (56 റൺസ് ) അർദ്ധ ശതകങ്ങൾ ആണ് ആതിഥേയരെ ബാറ്റിങ്ങിൽ തുണച്ചത്.ഒരു ഘട്ടത്തിൽ 5 വിക്കറ്റിന് 135 എന്ന നിലയിൽ പതറിയെങ്കിലും മനോഹരമായിത്തന്നെ അവർ തിരിച്ചു വന്നു.അവസാന വിക്കറ്റിൽ 77 റൺസിന്റെ പാട്ണർഷിപ്പുയർത്തി നാസിർ ഹുസൈനും മഹ്മദുള്ളയും ചരിത്രത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്തു.എന്നാൽ പേരുകേട്ട ലങ്കൻ ബാറ്റിങ് നിരയെ 232 ൽ ഒതുക്കിയ ബൌളർമാർ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.അവർക്കു വേണ്ടി നസ്മുൾ ഹൊസ്സൈൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.കപുഗഡെദരയുടെ അർദ്ധ ശതകത്തിന്റെയും (62 റൺസ് )48 റൺസ് വീതം നേടിയ തിരിമന്നെയുടെയും തരംഗയുടെയും പ്രകടനമാണ് ശ്രീലങ്കയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.

ലോകചാന്വ്യന്മാരെ നേരിട്ടുള്ള പോരാട്ടത്തിൽ തോൽ‌പ്പിക്കുകയും അവരെ ഫൈനലിൽ എത്തുന്നതിൽ നിന്നു തടയുകയും ചെയ്തതിലൂടെ പ്രമുഖരായ ക്രിക്കറ്റ് രാജ്യങ്ങളുടെ കൂട്ടത്തിൽ എത്തിച്ചേരാനുള്ള യാത്രയിലാണ് തങ്ങളെന്ന് ബംഗ്ലാദേശ് ടീം തെളിയിച്ചിരിക്കുകയാണ്.ചരിത്രത്തിൽ ഇതു രണ്ടാം തവണ മാത്രമാണ് അവർ ഒരു ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്.വ്യാഴായ്ച ഫൈനലിൽ ബംഗ്ലാദേശ് പാകിസ്ഥാനെ നേരിടും.