വിളപ്പില്‍ശാല പ്രശ്‌നപരിഹാരത്തിന് ഉപസമിതിക്കു രൂപം നല്‍കും

single-img
16 March 2012

വിളപ്പില്‍ശാല മാലിന്യപ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു റിപ്പോര്‍ട്ട് തയാറാക്കാന്‍ സബ് കമ്മറ്റിക്കു രൂപം നല്‍കും. ഹൈക്കോടതിയില്‍ മീഡിയേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണു ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് ചക്കച്ചേരി കണ്‍വീനറായി സബ് കമ്മിറ്റി രൂപവത്കരിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷനും വിളപ്പില്‍ശാല പഞ്ചായത്തും ധാരണയായത്. സമിതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ബി. അശോക് ഉള്‍പ്പെടെ 18 അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മധ്യസ്ഥ ചര്‍ച്ചയില്‍ തിരുവനന്തപുരം കോര്‍പറേഷന്‍, വിളപ്പില്‍ശാല പഞ്ചായത്ത്, ജനകീയ സമരസമിതി, ശുചിത്വ മിഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. കഴിഞ്ഞ തവണ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോര്‍പറേഷനും പഞ്ചായത്തും ജനകീയ സമിതിയും വിവിധ പദ്ധതികള്‍ മാലിന്യ സംസ്‌കരണത്തിനായി നിര്‍ദേശിച്ചു. ഇവയില്‍ നടപ്പാക്കാനാവുന്ന നിര്‍ദേശങ്ങള്‍ കണെ്ടത്തുന്നതിനാണ് സബ് കമ്മിറ്റിക്കു രൂപം നല്കിയതെന്നു മീഡിയേഷന്റെ ചുമതലയുള്ള അഡ്വ. എന്‍. ധര്‍മദന്‍, അഡ്വ. സാലീന തോമസ് ചാക്കോ എന്നിവര്‍ വ്യക്തമാക്കി.