ക്രിക്കറ്റിന്റെ ദൈവത്തിന് നൂറില്‍ നൂറ്

single-img
16 March 2012

ഒരുവര്‍ഷം നീണ്ട ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. ഒടുവില്‍ ക്രിക്കറ്റിന്റെ ദൈവം അതു നേടി. 462-ാം ഏകദിനം കളിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ധാക്കാ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി തന്റെ കരിയറിലെ നൂറാം സെഞ്ച്വറി സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് സച്ചിന്‍. 138 പന്തില്‍ നിന്ന് 10 ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് സച്ചിന്‍ ചരിത്രം കുറിച്ചത്. നാല്‍പത്തിയൊന്‍പതാം ഏകദിന സെഞ്ചുറിയാണ് സച്ചിന്‍ ഇന്ന് സ്വന്തമാക്കിയത്. ടെസ്റ്റ് മത്സരങ്ങളില്‍ നേടിയ 51 സെഞ്ചുറികള്‍ കൂടി ചേര്‍ത്താണ് നൂറാം സെഞ്ചുറിയിലെത്തിയത്.

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശേഷം സച്ചിന്റെ ബാറ്റില്‍ നിന്നും സെഞ്ചുറികള്‍ അകന്നുനില്‍ക്കുകയായിരുന്നു. അര്‍ധസെഞ്ചുറി പിന്നിട്ട നിരവധി ഇന്നിംഗ്‌സുകള്‍ പിറന്നെങ്കിലും സെഞ്ചുറിക്ക് തൊട്ടുമുന്‍പ് ഇവ അവസാനിക്കുകയായിരുന്നു. നൂറാം സെഞ്ചുറിക്കായി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് സച്ചിന് വേണ്ടിവന്നത്.