ലങ്കന്‍ തമിഴ് വിഷയത്തില്‍ രാജ്യസഭ തടസപ്പെട്ടു

single-img
13 March 2012

ശ്രീലങ്കയിലെ തമിഴ് വംശജരുടെ വിഷയത്തില്‍ എഐഎഡിഎംകെ, ഡിഎംകെ അംഗങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ രാജ്യസഭാ നടപടികള്‍ തടസപ്പെട്ടു. കൊല്ലപ്പെട്ട എല്‍ടിടിഇ നേതാവ് പ്രഭാകരന്റെ പന്ത്രണ്ടുവയസുകാരനായ മകന്‍ വെടിയേറ്റ് മരിച്ചുകിടക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ യുഎസ് പിന്തുണയോടെ ശ്രീലങ്കയ്‌ക്കെതിരേ അവതരിപ്പിക്കുന്ന പ്രമേയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭ തടസപ്പെടുത്തിയത്.

രാവിലെ 11 മണിക്ക് സഭ ആരംഭിക്കുമ്പോള്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് 12 മണിവരെ നിര്‍ത്തിവെച്ച സഭ വീണ്ടും ചേര്‍ന്നപ്പോഴും നടപടികള്‍ ആരംഭിക്കാനായില്ല. തുടര്‍ന്ന് വീണ്ടും നിര്‍ത്തിവെയ്ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ തമിഴര്‍ക്കെതിരേയുള്ള യുദ്ധക്കുറ്റങ്ങള്‍ ലോകത്തിന് മുഴുവന്‍ അറിയാവുന്നതാണെന്നും പ്രമേയത്തെ പിന്തുണയ്ക്കുമോയെന്ന കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും എഐഎഡിഎംകെ അംഗം വി. മൈത്രേയന്‍ പറഞ്ഞു.