ആറ്റുകാല്‍ പാങ്കാലയിട്ട മുഴുവന്‍ സ്ത്രീകള്‍ക്കെതിരെയും പോലീസ് കേസ് ; മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
12 March 2012

ആറ്റുകാലില്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ തിരുവനന്തപുരം ഡിസിപി ഉള്‍പ്പെടെ മൂന്നു ഉദ്യോസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഡിസിപി വി.സി. മോഹനനു പുറമെ എഫഐആര്‍ തയാറാക്കിയ ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ രണ്ട് എസ്‌ഐമാരും സസ്‌പെന്‍ഡ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം ഏഴിന് നടന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത ആയിരത്തോളം സ്ത്രീകള്‍ക്കെതിരെ പൊതുനിരത്തില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും മാര്‍ഗ തടസമുണ്ടാക്കുകയും ചെയ്ത കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ്് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പാതയോര പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ആയിരക്കണക്കിന് സ്ത്രീകളുണ്ടായിരുന്നതിനാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്‌ടെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പു നല്‍കിയിരുന്നു. ഇതിനിടെയാണ് ഏറെ വിവാദമായേക്കാവുന്ന പോലീസ് നടപടി.