ഉത്തര്‍പ്രദേശില്‍ എസ്.പിക്ക് വന്‍ലീഡ്; ബി.ജെ.പിക്ക് അപ്രതീക്ഷിത മുന്നേറ്റം

single-img
5 March 2012

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ാദ്യഫലം അറിവാകുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടി വന്‍ ലീഡിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റം. 403 അംഗ സഭയിലെ 252 സീറ്റുകളിലെ ലീഡ് നില അറിവാകുമ്പോള്‍ 56 സീറ്റുകളില്‍ ലീഡ് ചെയ്ത് രണ്ടാം സ്ഥാനത്താണ് ബിജെപി. 111 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന സമാജ്‌വാദി പാര്‍ട്ടിയാണ് ഒന്നാമത്. ബിഎസ്പി 43 സീറ്റുകളിലും കോണ്‍ഗ്രസ് 28 സീറ്റുകളിലും മുന്നേറുകയാണ്. 14 സീറ്റുകളില്‍ മറ്റുള്ളവരാണ് മുന്നേറുന്നത്. എക്‌സിറ്റ് പോളുകളില്‍ ബിജെപിക്ക് വലിയ സാധ്യത കല്‍പിച്ചിരുന്നില്ല. കോണ്‍ഗ്രസിനും പിന്നില്‍ നാലാം സ്ഥാനം മാത്രമാണ് എക്‌സിറ്റ് പോളുകളില്‍ ബിജെപിക്ക് ലഭിച്ചിരുന്നത്. പാര്‍ട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ചര്‍ക്കരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഉമാഭാരതിയും ആദ്യഫലങ്ങളില്‍ വ്യക്തമായ ലീഡ് നേടുന്നുണ്ട്. 60 അംഗസഭയായ മണിപ്പൂരിലെ 15 എണ്ണത്തിന്റെ ലീഡ് അറിവായപ്പോള്‍ കോണ്‍ഗ്രസ് 11 സീറ്റുകളില്‍ മുന്നിലാണ്. മറ്റുള്ളവരാണ് മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്.

ഉത്തരാഖണ്ഡില്‍ 70 സീറ്റുകളില്‍ 33 എണ്ണത്തില്‍ ലീഡ് അറിവായപ്പോള്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. പഞ്ചാബില്‍ ഭരണകക്ഷിയായ ശിരോമണി അകാലിദളിനാണ് നേരിയ മുന്‍തൂക്കം ഇവിടെ കോണ്‍ഗ്രസ് തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. അതേസമയം മണിപ്പൂരില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ തന്നെ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം നടത്തുകയാണ്. 10 സീറ്റുകളില്‍ ഇതുവരെ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം നടത്തിക്കഴിഞ്ഞു. ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്.