തെരഞ്ഞെടുപ്പ് ഡ്യൂട്ടി: അന്തിമപട്ടികയില്‍ 800 ഉദ്യോഗസ്ഥര്‍

single-img
29 February 2012

പിറവം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള 800 ഉദ്യോഗസ്ഥരുടെ അന്തിമപട്ടികയ്ക്കു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ നല്‍കിയ 1550 പേരുടെ പട്ടികയില്‍ നിന്നാണ് 800 പേരെ തെരഞ്ഞെടുത്തത്. ഇവര്‍ക്കുള്ള നിയമന ഉത്തരവുകള്‍ ഇന്ന് തയാറാകും. ശനിയാഴ്ചയോടെ ഉത്തരവുകള്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.

വനിതകളെയും അധ്യാപകരെയും ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. പിറവം മണ്ഡലത്തില്‍ വോട്ടുള്ള ഉദ്യോഗസ്ഥരെയും ഒഴിവാക്കി. പോസ്റ്റല്‍ വോട്ടില്ലാതെ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പോസ്റ്റല്‍ വോട്ടില്ലെങ്കില്‍ സര്‍വീസ് വോട്ടുകള്‍ മാത്രമാണ് ഇക്കുറി ബാലറ്റില്‍ രേഖപ്പെടുത്തേണ്ടി വരിക. വനിതകളോ പിറവത്തെ വോട്ടര്‍മാരോ പട്ടികയില്‍ കയറിപ്പോയിട്ടുണെ്ടങ്കില്‍ പരിശീലനത്തിന് വിളിക്കുമ്പോള്‍ അവരെയും ഒഴിവാക്കും.

മണ്ഡലത്തിലെ 134 ബൂത്തുകളിലേക്ക് നാലു ഉദ്യോഗസ്ഥരെ വീതമാണ് നിയോഗിക്കേണ്ടത്. പോളിംഗുമായി ബന്ധപ്പെട്ട മറ്റു ജോലികള്‍ക്കു നിയോഗിച്ച ശേഷമുള്ള ഉദ്യോഗസ്ഥരെ റിസര്‍വ് പട്ടികയില്‍ നിലനിര്‍ത്തും. പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടി ഈ മാസം അഞ്ചിന് രണ്ടു ഷിഫ്റ്റുകളിലായി നടക്കും. രണ്ടാം പോളിംഗ് ഓഫീസര്‍, മൂന്നാം പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടി ഈ മാസം ആറിന് രണ്ടു ഷിഫ്റ്റുകളിലായി നിശ്ചയിച്ചിട്ടുണ്ട്. ബൂത്ത് തല ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയും അന്ന് തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംവട്ട പരിശീലനം ഈ മാസം 13നാണ്.