ഉത്തര്‍പ്രദേശ് ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി

single-img
27 February 2012

ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. യു.പി.യുടെ പടിഞ്ഞാറന്‍ മേഖലയിലെ 13ജില്ലകളില്‍പ്പെട്ട 68 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷാ വലയത്തിനുള്ളിലാണ് വോട്ടെടുപ്പ്. 22136 പോളിംഗ് കേന്ദ്രങ്ങളിലായി രണ്ടുകോടിയിലേറെ വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുക. 1,103 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 83 വനിതാ സ്ഥാനാര്‍ഥികളാണുള്ളത്. ജാട്ട്, മുസ്‌ലിം സമുദായങ്ങള്‍ക്കു സ്വാധീനമുള്ള മേഖലയിലാണ് വോട്ടെടുപ്പ്.

കോണ്‍ഗ്രസ്, രാഷ്ട്രവാദി ലോക് ദള്‍, മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിംഗിന്റെ രാഷ്ട്രവാദി ജനക്രാന്തി പാര്‍ട്ടി എന്നിവയ്ക്ക് ഏറെ നിര്‍ണായകമാണ് ആറാംഘട്ട മത്സരം. ആര്‍.എല്‍.ഡി. നേതാവ് അജിത് സിംഗിന്റെ മകനും മഥുര എം.പി.യുമായ ജയന്ത് ചൗധരി(മഠ്), ബി.ജെ.പി.നേതാവ് ഹുക്കും സിംഗ്(കൈര്‍മ), സംസ്ഥാന ഊര്‍ജമന്ത്രി രാം വീര്‍ ഉപാധ്യായ, കല്യാണ്‍സിംഗിന്റെ മകന്‍ രജ്‌വീര്‍ സിംഗ് (ദിബായി) തുടങ്ങിയവരാണ് ജനവിധിതേടുന്നവരില്‍ പ്രമുഖര്‍. മാര്‍ച്ച് മൂന്നിന് നടക്കുന്ന ഏഴാം ഘട്ടത്തോടെ സംസ്ഥാനത്തെ നിയമസഭാതെരഞ്ഞടുപ്പിന് തിരശീല വീഴും.