എന്‍സിടിസിക്കെതിരെ ശക്തമായ എതിര്‍പ്പുമായി മമത

single-img
17 February 2012

നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (എന്‍സിടിസി) തുടങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രംഗത്തെത്തി. ഭീകരവിരുദ്ധ സംഘടന രൂപീകരിക്കുന്നതില്‍നിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ട് മമതയും ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും പ്രധാനമന്ത്രിക്കു കത്തെഴുതി. എന്‍സിടിസി സംസ്ഥാനങ്ങളുടെ അധികാരം കവരുമെന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകിടംമറിക്കുന്നതുമാണെന്നാണ് മമതയുടെയും കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാരുടെയും വാദം. ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് ഉറപ്പുനല്കിയിരിക്കുന്ന അവകാശങ്ങളുടെ ലംഘനമാണു കേന്ദ്രനീക്കമെന്നു മമത ബാനര്‍ജിയും നവീന്‍ പട്‌നായിക്കും ചൂണ്ടിക്കാട്ടി. യുപിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണു തൃണമൂല്‍ കോണ്‍ഗ്രസ്.