മലയാളത്തിനു ക്ലാസിക്കല്‍ പദവി നേടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കും

single-img
13 February 2012

മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നേടിയെടുക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ ചുമതലപ്പെടുത്തി. മലയാള ഭാഷ, സാഹിത്യം, പ്രാദേശിക സംസ്‌കാരം എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കും വിധം മലയാളം സര്‍വകലാശാല സ്ഥാപിക്കുന്നതു സംബന്ധിച്ചു യോഗം ചര്‍ച്ച ചെയ്തു. വരുംതലമുറകള്‍ക്ക് മലയാള ഭാഷയില്‍ താത്പര്യം വളര്‍ത്തിയെടുക്കുക എന്നതാവണം സര്‍വകലാശാലയുടെ ലക്ഷ്യമെന്ന് ഒഎന്‍വി കുറുപ്പ് പറഞ്ഞു. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് കൂടുതല്‍ ശക്തമാക്കണമെന്നു സുഗതകുമാരി നിര്‍ദേശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിലാണ് ഇപ്പോള്‍ മലയാളം മിഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ പ്രവാസിമലയാളികള്‍ക്കിടയില്‍ നിന്നു മുതിര്‍ന്നവരും ഭാഷാ പഠനത്തിനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ക്കുവേണ്ടി പ്രത്യേക ക്ലാസുകള്‍ സജ്ജമാക്കുന്നതിനു മിഷന്‍ മുന്നോട്ടുവരണമെന്നും സുഗതകുമാരി പറഞ്ഞു.