സിറിയന്‍ പ്രതിസന്ധി: ബാന്‍കി മൂണ്‍ അതൃപ്തി പ്രകടിപ്പിച്ചു

single-img
5 February 2012

സിറിയയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനു ലക്ഷ്യമിട്ടു കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയില്‍ പരാജയപ്പെട്ടതില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അതൃപ്തി പ്രകടിപ്പിച്ചു. റഷ്യയും ചൈനയും ചേര്‍ന്ന് ഡബിള്‍ വീറ്റോ പ്രയോഗിച്ചതു മൂലമാണ് പ്രമേയം പാസാക്കാനാവാതെ വന്നത്. പതിനഞ്ചംഗ രക്ഷാസമിതിയില്‍ ഇന്ത്യയടക്കമുള്ള മറ്റ് 13 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. പ്രതിപക്ഷം സമാധനപൂര്‍ണവും ക്രിയാത്മകവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടേണ്ടത് ആവശ്യമാണെന്ന് ഇന്ത്യ രക്ഷാസമിതിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

സിറിയയില്‍ സമാധാനം ഉറപ്പുവരുത്താനുള്ള യുഎന്നിന്റെയും രാജ്യാന്തര സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കംവയ്ക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് തന്റെ വക്താവു മുഖേന ഇറക്കിയ പ്രസ്താവനയില്‍ ബാന്‍ കി മൂണ്‍ കുറ്റപ്പെടുത്തി.

സിറിയയില്‍ കൂട്ടക്കൊലയ്ക്ക് ലൈസന്‍സ് നല്‍കുന്ന നടപടിയാണ് റഷ്യയുടെയും ചൈനയുടെയും വീറ്റോ മൂലമുണ്ടായതെന്ന് സിറിയന്‍ പ്രതിപക്ഷം ആരോപിച്ചു. വീറ്റോ പ്രയോഗിച്ചതില്‍ പാശ്ചാത്യരാജ്യങ്ങളും അമേരിക്കയും രോഷം പ്രകടിപ്പിച്ചു. സിറിയന്‍ പ്രശ്‌നത്തില്‍ രക്ഷാസമിതിയില്‍ അഭിപ്രായഭിന്നത തുടരുന്നിടത്തോളം സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് യുഎന്‍ പൊതുസഭാ പ്രസിഡന്റ് നസീര്‍ അബ്ദുള്‍ അസീസ് പ്രസ്താവനയില്‍ പ്രതികരിച്ചു. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം അറബിലീഗ് തുടരണമെന്നും സിറിയയിലെ ജനതയുടെ ശബ്ദം കേള്‍ക്കാന്‍ അസാദ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.