വിജയനും ലയണല്‍ തോമസിനും എതിരേ കെഎഫ്എ

single-img
3 February 2012

അംഗീകാരമില്ലാത്ത ഫുട്‌ബോള്‍ മത്സരം കളിച്ചതിന് ഐ.എം. വിജയന്‍, ലയണല്‍ തോമസ് അടക്കമുള്ള താരങ്ങളോടു വിശദീകരണം തേടുമെന്നു കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ). ജനുവരി 29ന് മലപ്പുറത്തെ പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഹാലേലൂയ അന്‍സാന്‍ കൊറിയന്‍ ക്ലബും കേരള സ്‌പോര്‍ട്‌സ് കൊയലിഷന്‍ ടീമും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ കൊയലിഷന്‍ ടീമിലാണ് വിജയനും ലയണല്‍ തോമസും അടക്കമുള്ളവര്‍ കളിച്ചത്. ഇതുസംബന്ധിച്ച് നോട്ടീസ് അയയ്ക്കാനാണ് തീരുമാനമെന്നു കെഎഫ്എ സെക്രട്ടറി പി. അനില്‍കുമാര്‍ പറഞ്ഞു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരേയും കായിക താരങ്ങളുടെ ഉന്നമനത്തിനുമായി പ്രചാരണം നടത്തുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടനയാണ് കേരള സ്‌പോര്‍ട്‌സ് കൊയലിഷന്‍. എസ്ബിടിയുടെ മുന്‍താരമായ ലയണല്‍ തോമസാണ് ഈ സംഘടനയുടെ ട്രഷറര്‍. നിലവില്‍ തൃശൂര്‍ ജില്ലയില്‍ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോളില്‍ രണ്ടു ടീമുകള്‍ക്കായി കളിക്കുന്നവരാണ് വിജയനും ലയണല്‍ തോമസും. അങ്ങനെയുള്ളവര്‍ അംഗീകാരമില്ലാത്ത ഒരു ടൂര്‍ണമെന്റില്‍ കളിക്കുന്നതിനു തടസമുണെ്ടന്നാണ് കെഎഫ്എ പറയുന്നത്.

കൊയലിഷന്‍ ടീമില്‍ ആസിഫ് സഹീര്‍, എന്‍.പി പ്രദീപ്, അബ്ദുള്‍നൗഷാദ്, എ.പി. നെല്‍സണ്‍ തുടങ്ങിയവര്‍ കളിക്കുമെന്നു സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും ഇവര്‍ കളിച്ചില്ല.