തമിഴ്‌നാട് നിയമസഭയില്‍ ജയലളിതയും വിജയകാന്തും തമ്മില്‍ വാക്‌പോര്

single-img
1 February 2012

തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി ജയലളിതയും ഡിഎംഡികെ നേതാവ് വിജയകാന്തും തമ്മില്‍ രൂക്ഷമായ വാക്‌പോര്. ഏറെ നേരം നീണ്ട വാക്‌പോരിനൊടുവില്‍ വിജയകാന്തിന്റെ നേതൃത്വത്തില്‍ ഡിഎംഡികെ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

വിജയകാന്തിന്റേത് നിന്ദ്യമായ പ്രവര്‍ത്തിയാണെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയകാന്തുമായി സഖ്യമുണ്ടാക്കേണ്ടിവന്നതില്‍ ഖേദമുണ്‌ടെന്നും ജയലളിത പറഞ്ഞു. സഭയില്‍ ട്രഷറി ബെഞ്ചിലേക്ക് നോക്കി വിജയകാന്ത് തരംതാണ അംഗവിക്ഷേപങ്ങള്‍ നടത്തിയതായും ജയലളിത ആരോപിച്ചു. അയോഗ്യരായ ആളുകള്‍ ഉന്നത സ്ഥാനങ്ങളിലെത്തിയെന്നതിന് തെളിവാണ് പ്രതിപക്ഷത്തിന്റെ ഇത്തരം നടപടികളെന്നും ജയലളിത പറഞ്ഞു.

ഡിഎംഡികെയുമായി സഖ്യമുണ്ടാക്കിയില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ വിജയിക്കുമായിരുന്നുവെന്നും ജനങ്ങള്‍ ഡിഎംകെ ഭരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായും ജയലളിത ചൂണ്ടിക്കാട്ടി. ഡിഎംഡികെ അംഗങ്ങളുടെ പെരുമാറ്റം അതിരുവിട്ടതാണോയെന്ന് പരിശോധിക്കാനായി സ്പീക്കര്‍ ഡി. ജയകുമാര്‍ ഇക്കാര്യം സഭയുടെ അച്ചടക്ക സമിതിക്ക് വിടുകയും ചെയ്തു.