ഉപഭോക്താക്കള്‍ക്കു കരുത്തുപകരാന്‍ കേന്ദ്രം നീക്കം തുടങ്ങി: കെ.വി. തോമസ്

single-img
31 January 2012

ഉപഭോക്താക്കളുടെ അധികാരങ്ങള്‍ക്കു കരുത്ത് പകരാന്‍ നിയമ ഭേദഗതി അടക്കം നിരവധി നടപടികള്‍ക്ക് കേന്ദ്രം തുടക്കം കുറിച്ചതായി കേന്ദ്ര ഭക്ഷ്യ-പൊതു വിതരണ, ഉപഭോക്തൃകാര്യ മന്ത്രി പ്രഫ. കെ.വി. തോമസ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങള്‍ക്കു സിവില്‍ കോടതികളുടെ അധികാരം നല്‍കുന്ന നിയമഭേദഗതി എത്രയും വേഗം പാസാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുകയും ബോധവത്കരണ സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുകയും ചെയ്യും. ഇതിനായി ദേശീയ തലത്തില്‍ പ്രത്യേക സംവിധാനം രൂപീകരിക്കും. കച്ചവട ലക്ഷ്യം മുന്‍ നിര്‍ത്തി ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ഉല്പാദകരും നിര്‍മാതാക്കളും തയാറാകണം. സാധാരണക്കാരെ വഴി തെറ്റിക്കുന്ന പരസ്യങ്ങളുടെ കാര്യത്തില്‍ മാധ്യമങ്ങളും മറ്റും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.