കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര്

single-img
30 January 2012

വക്കം കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കുന്നതിനെച്ചൊല്ലി ചേരിതിരിഞ്ഞു നടത്തിയ പ്രസ്താവനാ യുദ്ധം കണ്ണൂരിലെ ഫ്‌ളക്‌സ് വിവാദത്തോടെ തെരുവിലേക്കു നീങ്ങുന്നു. കെ. സുധാകരന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ച് എആര്‍ ക്യാമ്പിനു മുന്നില്‍ പോലീസ് അസോസിയേഷന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദമാണു ഗ്രൂപ്പുപോരിനെ തെരുവിലെത്തിച്ചിരിക്കുന്നത്.

കെ.സുധാകരന്‍ എംപിക്ക് അഭിവാദ്യം അര്‍പ്പിച്ചു സ്ഥാപിച്ച ബോര്‍ഡിന്റെ പേരില്‍ കോണ്‍ഗ്രസ് അനുകൂലികളായ ആറ് അസോസിയേഷന്‍ ഭാരവാഹികളെ സസ്‌പെന്‍ഡു ചെയ്ത കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ജോണിനെ മാറ്റണമെന്നാവശ്യപ്പെട്ടു സുധാകരവിഭാഗം പ്രത്യക്ഷസമരവുമായിറങ്ങിയതിനു പിന്നാലെ എസ്പിയെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ ഇന്നലെ സുധാകരന്‍ കൊച്ചിയില്‍ പത്രസമ്മേളനം നടത്തി. ഇതിന്റെ തുടര്‍ച്ചയായി സുധാകരവിഭാഗം, കണ്ണൂര്‍ കളക്ടറേറ്റില്‍ സ്ഥാപിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളക്‌സുകളും ബോര്‍ഡുകളും നീക്കം ചെയ്തു.

കണ്ണൂര്‍ എസ്പിയുടെ നിലപാടിനെ കേന്ദ്രമന്ത്രി വയലാര്‍ രവി നേരത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, മറ്റൊരു കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എസ്പിയെ പിന്തുണച്ചു. ജനപ്രതിനിധികളോട് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നായിരുന്നു വയലാര്‍ രവിയുടെ പ്രതികരണം. എന്നാല്‍, സത്യസന്ധനും പ്രഗത്ഭനുമായ യുവ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനൂപ് കുരുവിള ജോണെന്നായിരുന്നു മുല്ലപ്പള്ളി ഇന്നലെ ഇതിനു മറുപടി നല്കിയത്.

പോര് രൂക്ഷമാക്കി കെ. സുധാകരന്‍ കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുന്നയിച്ചു. ജനപ്രതിനിധികളുടെ മാന്യത സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്കു ബാധ്യതയുണെ്ടന്നു പറഞ്ഞ സുധാകരന്‍ മുഖമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരുടെ പോസ്റ്ററുകള്‍ പോലീസ് സ്റ്റേഷനിലുള്‍പ്പെടെ പതിച്ചിട്ടുണെ്ടന്നും ചട്ടവിരുദ്ധമാണെങ്കില്‍ അത് ആദ്യം നീക്കട്ടെയെന്നും പറഞ്ഞു.

ഇതേസമയം, കണ്ണൂരിലെ സുധാകരവിഭാഗം എസ്പിയുടെ കോലം കത്തിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. എന്നാല്‍, തത്കാലം എസ്പിക്കെതിരേ നടപടി വേണെ്ടന്ന നിലപാടാണു മുഖ്യമന്ത്രിയുടേതെന്നറിയുന്നു. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായ അനൂപിനെതിരേ നടപടി സ്വീകരിച്ചാല്‍ അതു പോലീസ് സേനയെയാകെ നിര്‍വീര്യമാക്കുമെന്ന് അദ്ദേഹം കരുതുന്നു. കഴിഞ്ഞ കെപിസിസി യോഗത്തില്‍ അനൂപ് കുരുവിള ജോണിനെതിരേ സുധാകരന്‍ ശക്തമായ പ്രതിഷേധമറിയിച്ചിട്ടും മുഖ്യമന്ത്രി അവഗണിക്കുകയായിരുന്നു.

പോസ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയം നിയമത്തിന്റെ വഴിക്കുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം. ചട്ടങ്ങള്‍ ലംഘിച്ചാല്‍ നടപടി സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ സുധാകര വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും അഡ്വ. സണ്ണി ജോസഫ് എംഎല്‍എയും രംഗത്തുവന്നു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ നീതി ലഭിക്കേണ്ടവര്‍ക്ക് അത് ഉറപ്പാക്കുകകൂടിവേണമെന്നു ഡിസിസി പ്രസിഡന്റ് പി.കെ. വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.