വിളപ്പില്‍ശാല മാലിന്യപ്രശ്‌നം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി

single-img
21 January 2012

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രികയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. തിരുവനന്തപുരം ജഗതിയിലുള്ള മുഖ്യമന്ത്രിയുടെ പുതുപ്പള്ളി വസതിയിലേക്കാണ് മാര്‍ച്ച് നടത്തിയത്.

11.30 ഓടെ വഴുതക്കാട് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ധര്‍ണയും നടത്തി. ചേലോറയിലും വിളപ്പില്‍ശാലയിലും സര്‍ക്കാര്‍ രണ്ട് നയമാണ് സ്വീകരിക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചേലോറയില്‍ സമരസമിതിയെ അടിച്ചോടിക്കുമ്പോള്‍ വിളപ്പില്‍ ശാലയില്‍ സമരസമിതിക്ക് പിന്തുണ നല്‍കി എല്‍ഡിഎഫിനെ എതിര്‍ക്കാനാണ് ശ്രമം. പ്രശ്‌നത്തിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് എത്രയും വേഗം പരിഹാരം കാണണമെന്നും കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് ആഹ്വാന പ്രകാരമാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും മാര്‍ച്ചും ധര്‍ണയും നടത്താനാണ് തീരുമാനം.