26/11: പാക് ജുഡീഷ്യല്‍ കമ്മീഷന്‍ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തും

single-img
14 January 2012

ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാനില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി പാക് ജുഡീഷ്യല്‍ കമ്മീഷന്‍ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങള്‍ക്കും സമ്മതമായ തീയതിയിലാകും പാക് സംഘം ഇന്ത്യയിലെത്തുക.

മുംബൈ ഭീകരാക്രമണക്കേസിലെ സാക്ഷികളില്‍ നിന്ന് കമ്മീഷന്‍ മൊഴിയെടുക്കും. ഇവര്‍ക്കു പുറമെ അന്വേഷണ ഉദ്യോഗസ്ഥരുടെയും പാക് തീവ്രവാദികളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും മൊഴികളും സംഘം ശേഖരിക്കും.

ഭീകരാക്രമണക്കേസില്‍ ജീവനോടെ പിടികൂടിയ ഏക പാക് തീവ്രവാദി അജ്മല്‍ അമീര്‍ കസബിന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് ആര്‍.വി.സാവന്തിന്റെ മൊഴി രേഖപ്പെടുത്തണമെന്നും പാക് കമ്മീഷന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

പാക് ജുഡീഷ്യല്‍ കമ്മീഷന് ഇന്ത്യ സന്ദര്‍ശിക്കാന്‍ ബോംബെ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.പാക്കിസ്ഥാനിലെ എഫ്‌ഐഎ തലവന്‍ ഖാലിദ് ഖുറേഷിയും സംഘത്തിലുണ്ടാകും.