ലോക്പാല്‍ ബില്‍ പാസാക്കാതെ രാജ്യസഭ പിരിഞ്ഞു

single-img
29 December 2011

ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ലോക്പാല്‍ ബില്‍ പാസാക്കാതെ രാജ്യസഭ പിരിഞ്ഞു. ലോക്പാല്‍ ഭേദഗതികള്‍ പരിഗണിക്കാന്‍ സര്‍ക്കാരിന് സമയം വേണമെന്ന് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ സഭയില്‍നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

ലോക്പാല്‍ ബില്ലിന്‍മേല്‍ രാജ്യസഭയില്‍ ചര്‍ച്ച പൂര്‍ത്തിയായി. മന്ത്രി നാരായണ സ്വാമി മറുപടി പറയാന്‍ ആരംഭിച്ചപ്പോള്‍ ആര്‍ജെഡി അംഗം രാജ്‌നീതി പ്രസാദ് ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട പേപ്പറുകള്‍ സഭയില്‍ കീറിയെറിഞ്ഞു. ന്യൂനപക്ഷ സംവരണത്തെച്ചൊല്ലി സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളും ബിഎസ്പി അംഗങ്ങളും സഭയില്‍ ബഹളം വച്ചു. ബഹളത്തെത്തുടര്‍ന്നു രാജ്യസഭ 15 മിനിറ്റ് നിര്‍ത്തി വച്ചു.

205 ഭേഗഗതികളാണ് സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ലോകായുക്ത രൂപീകരിക്കാനുള്ള വകുപ്പ് ലോക്പാലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.