ഉത്തേജക മരുന്ന് വിവാദം: സിനിജോസ് അടക്കമുള്ള താരങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

single-img
23 December 2011

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സിനി ജോസ് അടക്കമുള്ള കായികതാരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. സിനിജോസിനെക്കൂടാതെ മലയാളി താരമായ ടിയാന മേരി തോമസ്, മധ്യദൂര ഓട്ടക്കാരി മന്‍ദീപ് കൗര്‍, ജുവാന മൂര്‍മൂ, പ്രിയങ്ക പന്‍വാര്‍, അശ്വിനി അകുഞ്ചി എന്നിവര്‍ക്കാണ് വിലക്ക്.

ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി (നാഡ) യുടേതാണ് നടപടി. സസ്‌പെന്‍ഷന്‍ മുതലുള്ള കാലയളവ് വിലക്കില്‍ പരിഗണിക്കും. കഴിഞ്ഞ ജൂലൈ ഒന്നിനാണ് ഇവര്‍ സസ്‌പെന്‍ഷനിലായത്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണമെഡല്‍ നേടിയ റിലേ ടീമില്‍ അംഗമായിരുന്നു സിനി ജോസ്. 400 മീറ്റര്‍ താരമാണ് ടിയാന മേരി തോമസ്.

ബാംഗളൂരില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റില്‍ താരങ്ങളുടെ മൂത്രസാംപിളുകള്‍ പരിശോധിച്ചതിലായിരുന്നു ഇവര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി വ്യക്തമായത്.താരങ്ങളുടെ ബി സാംപിള്‍ പരിശോധനയിലും ഉത്തേജക മരുന്നിന്റെ അംശം കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. കോച്ച് നിര്‍ദേശിച്ച വിറ്റാമിന്‍ ഗുളികകള്‍ മാത്രമാണ് കഴിച്ചതെന്ന് സിനി ജോസും താരങ്ങളും പിന്നീട് വെളിപ്പെടുത്തിയിരുന്നു.

താരങ്ങളുടെ ശരീരത്തില്‍ മരുന്നിന്റെ അംശം കണ്‌ടെത്തിയതിനാല്‍ ഇവര്‍ക്ക് ശിക്ഷ അനുഭവിക്കേണ്ട ബാധ്യതയുണ്‌ടെന്ന് ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി വ്യക്തമാക്കി. പരമാവധി ശിക്ഷ രണ്ട് വര്‍ഷമാണെങ്കിലും താരങ്ങളുടെ വാദം പരിഗണിച്ച് ശിക്ഷ ഒരു വര്‍ഷമാക്കി ചുരുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉക്രെയ്ന്‍കാരനായ കോച്ചിനെ പുറത്താക്കിയിരുന്നു.