തമിഴ് തീര്‍ഥാടകരുടെ ഒഴുക്കു കുറഞ്ഞു; കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കുറയുന്നു

single-img
23 December 2011

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ശക്തമായതോടെ ശബരിമലയിലേക്കുള്ള തമിഴ്തീര്‍ഥാടകരുടെ ഒഴുക്കു കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാരുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. തമിഴ്തീര്‍ഥാടകരുടെ കുറവ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെയാണ്.

പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി 70 ബസുകളാണ് ചെയിന്‍ സര്‍വീസായി ഓടിക്കുന്നത്. ദിവസേന 10 ലക്ഷം രൂപയാണ് പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം. ഇത് ഏഴര ലക്ഷം രൂപയായി കുറഞ്ഞിരിക്കുകയാണ്. ശരാശരി മണ്ഡലകാല സമയത്ത് ദിവസേന 40000ത്തോളം അയ്യപ്പ ഭക്തരാണ് പമ്പ നിലയ്ക്കല്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കയറുന്നത്. ഇതില്‍ നല്ലൊരു പങ്കും തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള ഭക്തരാണ്. മുല്ലപ്പെരിയാര്‍ വിഷയം ശക്തമായതോടെ 30000ത്തില്‍ താഴെ തീര്‍ഥാടകര്‍ മാത്രമെ ബസുകളില്‍ യാത്ര ചെയ്യുന്നുള്ളു. അയ്യപ്പന്‍മാരുടെ കുറവു കാരണം പമ്പ-നിലയ്ക്കല്‍ റൂട്ടിലെ ചെയിന്‍ സര്‍വീസുകളുടെ എണ്ണം കെ.എസ്.ആര്‍.ടി.സി വെട്ടിക്കുറച്ചിരിക്കുകയാണ്. കൂടാതെ പമ്പയിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളിലും തിരക്കു കുറവാണ്.

കമ്പം-തേനി ചെക്കുപോസ്റ്റ് അടച്ചിട്ടിരിക്കുന്നതിനാല്‍ കുമിളി വഴി തമിഴ് തീര്‍ഥാടകര്‍ എത്തുന്നില്ല. കുമിളിയില്‍ നിന്നും പമ്പയിലേക്കുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ കെ.എസ്.ആര്‍.ടി.സി ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ കൂട്ടമായി എത്തിയാല്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം കെ.എസ്.ആര്‍.ടി.സി കുമളി സ്റ്റേഷന്‍മാസ്റ്റര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ചെക്കുപോസ്റ്റുകള്‍ അടച്ചിട്ടിരിക്കുന്നതിനാലും തമിഴ്‌നാട്ടിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ പകുതി വഴിയ്ക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിനാലും പ്രതിദിന കളക്ഷനില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ബസ് ചാര്‍ജ്ജ് കൂടിയതിന് ശേഷം കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന കളക്ഷന്‍ 4.5 കോടി രൂപയാണ്. ഒരാഴ്ചയായി 3.80 കോടി രൂപ മാത്രമെ ലഭിക്കുന്നുള്ളു. കളക്ഷനിലെ കുറവ് കെ.എസ്.ആര്‍.ടി.സിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഡീസല്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി ഒരു കോടിയോളം രൂപ ദിവസേന വേണം. കളക്ഷനിലുണ്ടായ കുറവ് സാമ്പത്തിക ഞെരുക്കത്തിലേക്ക് കെ.എസ്.ആര്‍.ടി.സിയെ വീണ്ടും തള്ളിവിടുമോയെന്ന ആശങ്കയിലാണ് മാനേജ്‌മെന്റ്.