ലോക്പാലില്‍ സംവരണം; എതിര്‍പ്പു രൂക്ഷം

single-img
22 December 2011

ന്യൂഡല്‍ഹി: അനിശ്ചിതത്വത്തി നും പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനുമിടയില്‍ പുതുക്കിയ ലോക്പാല്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഓഗസ്റ്റില്‍ അവതരിപ്പിച്ച പഴയ ലോക്പാല്‍ ബില്‍ പിന്‍വലിച്ച്, പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികളും ഉള്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി വി. നാരായണ സ്വാമിയാണ് ലോക്‌സഭയില്‍ പുതിയ ബില്‍ അവതരിപ്പിച്ചത്.

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെയും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെയും ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നു ലോക്പാല്‍ സമിതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കും സംവരണം ഉള്‍പ്പെടുത്തി. ഭരണഘടനാ ഭേദഗതി ആവശ്യമായി വരുന്ന ഈ നിര്‍ദേശം ഏറെ നാടകീയ സംഭവങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബില്ലിന്മേലുള്ള ചര്‍ച്ച 27-ന് ആരംഭിക്കും. ആദ്യം ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും ചര്‍ച്ച നട ക്കും. ശീതകാ ല സമ്മേളനം അവസാനിക്കുന്ന 29-നു മുമ്പായി ബില്‍ പാസാക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

ശൂന്യവേളയ്ക്കു മുമ്പു ബില്ലിന്റെ പകര്‍പ്പ് അംഗങ്ങള്‍ക്കു വിതരണം ചെയ്തതോടെയാണ് അനിശ്ചിതത്വം ഉണ്ടാക്കിയത്. ബില്ലിന്റെ പകര്‍പ്പ് ലഭിച്ച ആര്‍ജെഡി, എസ്പി അംഗങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കു സമിതിയില്‍ സംവരണം ഉറപ്പാക്കാമെന്ന സര്‍വകക്ഷി സംഘത്തിന്റെ ഉറപ്പ് സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ച് ബഹളമാരംഭിച്ചു. എന്നാല്‍ ഭരണഘടനാപ്രശ്‌നങ്ങള്‍ മൂലമാണു ന്യൂനപക്ഷ സംവരണം ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബില്‍ അവതരിപ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തെങ്കിലും ബഹ ളം രൂക്ഷമായതിനെത്തുടര്‍ന്നു ര ണ്ടുതവണ സഭ നിര്‍ത്തിവച്ചു.

പിന്നീട് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു സമിതിയി ല്‍ ന്യൂനപക്ഷ സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനു ശേഷമാണ് ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് സഭ വീണ്ടും ചേര്‍ന്നത്. നേരത്തെ നല്‍കിയ ബില്ലിന്റെ പകര്‍പ്പിനു പിന്നാലെ നല്‍കിയ കോര്‍ അജണ്ടയിലൂടെ, അംഗങ്ങളെ ന്യൂനപക്ഷ സംവരണത്തിന് അനുവദിച്ച കാര്യം അറിയിക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്തു രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിന്റെ ആരോപണങ്ങള്‍ക്കു ലാലു പ്രസാദിന്റെ ഹാസ്യത്തില്‍ പൊതി ഞ്ഞ തിരിച്ചടികളായിരുന്നു മറുപടി.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും മാത്രമാണ് ഭരണഘടനാപരമായി സംവരണം അനുവദിച്ചിട്ടുള്ളതെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കാന്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്നില്ലെന്നും സുഷമ വ്യക്തമാക്കി. കോടതിയില്‍ പോയാല്‍ ബില്‍ റദ്ദാക്കപ്പെടുമെന്നും ബിജെ പി ചൂണ്ടിക്കാട്ടി. എന്നാല്‍, കോട തിയില്‍ പോകുമെന്ന് കരുതി ബില്ലുകള്‍ മാറ്റിവയ്ക്കാനാകില്ലെന്നായിരുന്നു പ്രണാബ് മുഖര്‍ജിയുടെ മറുപടി. 50 ശതമാനമായി വീതം വയ്ക്കാന്‍ ഇതു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്തുന്ന പരിപാടിയല്ലെന്നായിരുന്നു ലാലുവിന്റെ പരിഹാസം.

പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെയും പാര്‍ട്ടികള്‍ പൊതുവെ എതിര്‍ത്തു. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന വ്യവസ്ഥകള്‍ ബില്ലിലുണെ്ടന്നു ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അന്നാഹസാരെയുടെ സമ്മര്‍ദത്തിനു സര്‍ക്കാര്‍ വഴങ്ങരുതെന്നായിരുന്നു അവതരണാനുമതി തേടി നടന്ന ചര്‍ച്ചയില്‍ സംസാരിച്ച ഒട്ടുമിക്ക പാര്‍ട്ടികളുടെയും ആവശ്യം. ഏതു സാഹചര്യത്തിലായാലും പാര്‍ലമെന്റിന്റെ പരമാധികാരം ആര്‍ക്കു മുന്നിലും അടിയറ വയ്ക്കരുതെന്നും രണ്ടാം രാഷ്ട്രപിതാവെന്ന് അവകാശപ്പെടുന്നവരുടെ സമ്മര്‍ദത്തിനു വഴങ്ങരുതെന്നും സിപിഐയിലെ ഗുരുദാസ് ദാസ് ഗുപ്ത ആവശ്യപ്പെട്ടു.

ഇതിനു മറുപടി നല്‍കിയ പ്രണാബ് മുഖര്‍ജി, നാളുകള്‍ നീണ്ട കൂടിയാലോചനയ്ക്കു ശേഷമാണു ബില്ലിനു രൂപംകൊടുത്തിട്ടുള്ളതെന്നും ഭേദഗതി ആവശ്യമെങ്കില്‍ ബില്‍ അവതരിപ്പിച്ചതിനു ശേഷം പരിഗണിക്കാമെന്നും, എന്നാല്‍, അന്നാഹസാരെയ്ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തിയില്ലെന്നു പ്രണാബ് മുഖര്‍ജി പ്രതികരിച്ചു. ഹ സാരെയ്‌ക്കൊപ്പം വേദി പങ്കിട്ട സ്വ ന്തം നേതാക്കളാണു മുട്ടുകുത്തിയതെന്നും അദ്ദേഹം ഗുരുദാസ് ദാ സ് ഗുപ്തയ്ക്കു മറുപടി നല്‍കി.