ചെന്നൈയില്‍ മലയാളി തൊഴിലാളികള്‍ പുറംലോകം കാണാതെ ഹോസ്റ്റലുകളില്‍

single-img
22 December 2011

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടുകാരുടെ അക്രമം ഭയന്ന് ചെന്നൈയിലെ മലയാളി സ്ഥാപനങ്ങളിലെ ആയിരത്തിലധികം വരുന്ന മലയാളി ജോലിക്കാര്‍ മൂന്നാഴ്ചയിലേറെയായി പുറംലോകം കാണാനാകാതെ ഹോസ്റ്റലുകളിലും ക്വാര്‍ട്ടേഴ്‌സുകളിലുമായി കഴിയുന്നു. ഇവര്‍ക്കു പകരം തമിഴ്‌നാട്ടുകാരെ ജോലിക്കെടുത്താണ് ഇപ്പോള്‍ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത്.
മലയാളികള്‍ ജോലിക്ക് നില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുന്നതിനാല്‍ ഗത്യന്തരമില്ലാതെയാണ് ഉടമകള്‍ മലയാളികളായ ജോലിക്കാരെ ഹോസ്റ്റലുകളിലും ക്വാര്‍ട്ടേഴ്‌സുകളിലുമൊക്കെ പാര്‍പ്പിച്ചിരിക്കുന്നത്. ഹോസ്റ്റലില്‍ ആവശ്യത്തിന് ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊക്കെ നല്‍കുന്നുണെ്ടങ്കിലും ശത്രുരാജ്യത്ത് താമസിക്കുന്നതുപോലെ കഴിയേണ്ട സ്ഥിതിയിലാണിവര്‍.

കേരളത്തിലേക്ക് മടക്കിയയ്ക്കാന്‍ ഉടമകള്‍ക്ക് താല്‍പര്യമില്ലാത്തതിനാലാണ് ഇവരെ ചെന്നൈയില്‍ തന്നെ താമസിപ്പിച്ചിരിക്കുന്നത്. ഇത്രയധികം മലയാളികള്‍ കൂട്ടത്തോടെ ഇവിടെ താമസിക്കുന്നുണെ്ടന്ന വിവരം യാതൊരു വിധത്തിലും പുറത്തറിയിക്കാതെയാണ് ഉടമകള്‍ ജോലിക്കാരെ പാര്‍പ്പിച്ചിരിക്കുന്നത്.
മലയാളി ജോലിക്കാര്‍ക്കു പകരം തമിഴ്‌നാട്ടുകാരെ ജോലിക്കെടുത്താണ് സ്ഥാപനങ്ങള്‍ ഭാഗികമായെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു നേരെ ഏതു നിമിഷവും ആക്രമണം ഉണ്ടാകുമെന്ന് പേടിച്ചാണ് സ്ഥാപനം നടത്തുന്നവര്‍ കഴിയുന്നത്. സ്ഥാപനങ്ങളില്‍ തമിഴ്‌നാട്ടുകാരാണെന്നറിഞ്ഞാല്‍ ആക്രമണം ഒഴിവാകുമെന്നതിനാലാണ് താല്‍ക്കാലികമായി തമിഴ്‌നാട്ടുകാരെ ജോലിക്കെടുത്തിരിക്കുന്നത്. കച്ചവടം കാര്യമായി നടക്കുന്നില്ലെങ്കിലും പ്രശ്‌നം കഴിയുന്നതുവരെ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാനാണ് ഇത്തരത്തില്‍ തമിഴ്‌നാട്ടുകാരെ ജോലിക്ക് റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നം എത്രയും പെട്ടന്ന് തീരുമെന്ന പ്രതീക്ഷയിലാണ് മലയാളികളായ ജീവനക്കാരെ കേരളത്തിലേക്ക് വിടാതെ ഹോസ്റ്റലുകളില്‍ പാര്‍പ്പിക്കുന്നതത്രേ. ഏറെ പരിചയസമ്പന്നരായ മലയാളി ജോലിക്കാരെ തിരിച്ചയച്ചാല്‍ പിന്നീട് സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നതിനാലാണ് ഇവര്‍ക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളുമൊക്കെ നല്‍കി ഇവിടെ തന്നെ നിര്‍ത്തിയിരിക്കുന്നത്. ജ്വല്ലറി, ടെക്്‌സ്‌റ്റൈല്‍ മേഖലയിലുള്ള ജോലിക്കാരാണ് ഇത്തരത്തില്‍ കഴിയുന്നതില്‍ ഭൂരിഭാഗവും. സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായാല്‍ കോടികളുടെ നഷ്ടം നേരിടേണ്ടി വരുമെന്നതിനാലാണ് ഉടമകള്‍ ഇത്തരത്തില്‍ ചെയ്യുന്നത്.

ഇതേസമയം ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരില്‍ പലരും പൂട്ടി നാട്ടിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. വന്‍ മുതല്‍ മുടക്കി നടത്തുന്ന വന്‍കിട സ്ഥാപനങ്ങള്‍ പൂട്ടിയിടാന്‍ സാധിക്കാത്ത സ്ഥിതിയാണ്. തമിഴ്‌നാട് സര്‍ക്കാരിനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണെ്ടങ്കിലും യാതൊരുവിധ സഹകരണവും കാണിക്കുന്നില്ലെന്നും പറയുന്നു. കേരളാ സര്‍ക്കാരും കാര്യമായി ഇടപെടുന്നില്ലെന്ന ആരോപണം ശക്തമായിരിക്കുകയാണ്. എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് തല്‍ക്കാലത്തെങ്കിലും തമിഴ്‌നാട്ടുകാരെ ജോലിക്കെടുത്ത് സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.