22 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയക്കാന്‍ ലങ്കന്‍ കോടതിയുടെ ഉത്തരവ്

single-img
21 December 2011

കൊളംബോ: ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്ത 22 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയക്കാന്‍ ലങ്കന്‍ കോടതി ഉത്തരവിട്ടു. പുതുക്കോട്ടെ ജില്ലയിലെ ജഗതപട്ടണം സ്വദേശികളായ മത്സ്യതൊഴിലാളികളെ ഇന്നലെ പുലര്‍ച്ചെയാണ് ലങ്കന്‍ നേവി പിടികൂടിയത്. അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കോടതി വിട്ടയക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇവരെ ഇന്ത്യന്‍ നേവിക്ക് കൈമാറുമെന്ന് ലങ്കന്‍ നേവി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം കടല്‍ വഴി മയക്ക് മരുന്ന് കടത്തിയ അഞ്ച് മത്സ്യതൊഴിലാളികളെ ലങ്കന്‍ നേവി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി കോടതി ജനുവരി രണ്ടുവരെ നീട്ടി. അറസ്റ്റിലായവരെ വിട്ടയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഡിസംബര്‍ 17ന് നിരാഹാരസമരം നടത്തിയിരുന്നു.