ലോക്പാല്‍ബില്‍ ഇന്ന്

single-img
21 December 2011

ന്യൂഡല്‍ഹി: അഴിമതി തടയാനുള്ള ലോക്പാല്‍ബില്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മണ്‍സൂണ്‍കാല സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിച്ച് പുതുക്കിയ ബില്ലായിരിക്കും അവതരിപ്പിക്കുകയെന്നു ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാരിനുവേണ്ടി ധനമന്ത്രി പ്രണാബ് മുഖര്‍ജി വ്യക്തമാക്കി.

ബില്‍ പാസാക്കുന്നതിനായി പാര്‍ലമെന്റുസമ്മേളനം മൂന്നു ദിവസം നീട്ടുകയാണെന്നും പ്രണാബ് മുഖര്‍ജി ബിജെപിനേതാക്കളെ അറിയിച്ചു. ബിജെപി നേതാക്കള്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ലോക്‌സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ്, രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജയ്റ്റ്‌ലി, മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി എന്നിവരുമായാണു പ്രണാബ് കൂടിക്കാഴ്ച നടത്തിയത്.

സഭാസമ്മേളനം നീട്ടണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന ഇന്നലെ രാത്രിചേര്‍ന്ന പാര്‍ലമെന്റിന്റെ കാര്യോപദേശകസമിതിയോഗം അംഗീകരിച്ചു. ലോക്പാല്‍ബില്ലിനൊ പ്പം നടപ്പുസമ്മേളനത്തില്‍ ജുഡീഷല്‍ അക്കൗണ്ടബിലിറ്റി ബില്ലും അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംര ക്ഷിക്കാനുള്ള ബില്ലും പാസാക്കാ നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, നിര്‍ദിഷ്ട ലോക്പാല്‍ബില്‍ ശക്തമാണെന്നും വിപ്ലവകരമായ നീക്കമാണിതെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ലോക്പാല്‍ബില്ലും വനിതാസംവരണബില്ലും പാസാക്കാന്‍ പോരാടണമെന്നും ഡല്‍ഹിയില്‍ ഇന്നലെ കോണ്‍ഗ്ര സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗ ത്തെ അഭിസംബോധന ചെയ്യവേ സോണിയ അഭ്യര്‍ഥിച്ചു. ലോക്പാല്‍ വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്നു വ്യക്തമാക്കിയ സോണിയ സര്‍ക്കാര്‍ തയാറാക്കിയ ലോക്പാല്‍ബില്‍ പ്രതിപക്ഷവും അന്നാഹസാരെയും അംഗീകരിക്കണമെന്നും അഴിമതി തടയാന്‍ കോണ്‍ഗ്രസ് ചെയ്തതുപോലെ മറ്റൊരു പാര്‍ട്ടിയും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.