ലാവലിന്‍: പിണറായി പണം കൈപ്പറ്റിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്

single-img
19 December 2011

തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് സിബിഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ട്. ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച 18 പേജുള്ള തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സാമ്പത്തിക ഇടപാട് നടത്തിയതിനും ഇടനിലക്കാരനായ ദിലീപ് രാഹുലനില്‍ നിന്ന് പിണറായി രണ്ടു കോടി രൂപ കൈപ്പറ്റിയെന്ന ദീപക് കുമാറിന്റെ ആരോപണത്തിനും തെളിവില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദിലീപ് രാഹുലനില്‍ നിന്ന് പിണറായി വിജയന്‍ രണ്ടു കോടി രൂപ കൈപ്പറ്റുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്നായിരുന്നു ദീപക് കുമാറിന്റെ ആരോപണം.

ലാവലിന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിടുന്നതിന് മുന്‍ വൈദ്യുത മന്ത്രിയായിരുന്ന ജി.കാര്‍ത്തികേയന്‍ അമിത താല്‍പര്യം കാട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വൈദ്യുതി ബോര്‍ഡ് അംഗം ആര്‍.ഗോപാലകൃഷ്ണനെതിരെ യാതൊരു തെളിവുമില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.