ഇന്ന് ലോക ഹൃദയ ദിനം

single-img
29 September 2011

ഹൃദ്രോഗബാധ ഒരു സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടര്‍ന്നുപിടിക്കുകയാണ്. 2015 ആകുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറിക്കഴിയുമെന്ന് സമീപകാല പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച അല്ലെങ്കില്‍ ആ ആഴ്ചയിലെ മറ്റൊരു ദിവസം ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതമുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയുണ്ട്. 1960 മുതല്‍ 1995 വരെ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ് (12.7 ശതമാനം). നഗരവാസികളില്‍ നടത്തിയ പഠനമാണിത്. ഇന്ത്യയിലെ ഗ്രാമവാസികളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നില്‍ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരില്‍ ഹൃദ്രോഗ നിരക്ക് 4 ശതമാനത്തില്‍ കുറവാണ്.

ഹൃദ്രോഗ സാധ്യത അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭാശയത്തിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന പോഷകാഹാരക്കുറവ്, കുട്ടികള്‍ക്ക് ശാരീരിക വൈകല്യങ്ങള്‍ക്കും അതുവഴി ഭാവിയില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതകളിലേക്കും വഴിതെളിക്കുമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. കുറഞ്ഞ തൂക്കവുമായി ജനിക്കുന്ന കുട്ടികള്‍ക്ക് പില്‍ക്കാലത്ത് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, മസ്തിഷ്‌കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ആരോഗ്യ പൂര്‍ണമായ ജീവിതരീതിയാണ് ഹൃദ്രോഗം ഒഴിവാക്കാനുള്ള പ്രധാന വഴി. ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വര്‍ജ്ജിക്കുക, ശരിയായ ആഹാര രീതിയും ജീവിത ശൈലിയും സ്വീകരിക്കുക, പതിവായി വ്യായാമം ചെയ്യുക ഇവയൊക്കെ ഹൃദ്രോഗത്തെ തടയും.

കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാരാണ് നമ്മള്‍. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്. പ്രകൃതി നമുക്കു വേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്? വായ്ക്ക് രുചിയുണ്ടെന്ന് തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട് മാറ്റേണ്ടിയിരിക്കുന്നു. ഓരോ ജീവിക്കും അനുയോജ്യമായ ആഹാരം പ്രകൃതി ഒരുക്കുന്നുണ്ട്.

മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നീ ഘടകങ്ങള്‍ നിശ്ചിത അനുപാതത്തില്‍ അടങ്ങുന്ന സമീകൃത ആഹാരമാണ് നാം കഴിക്കേണ്ടത്. ഈ അനുപാതത്തിന്റെ അളവു തെറ്റിയാല്‍ നമ്മുടെ ശരീരത്തിനതൊരു ഭീഷണിയാകും. ആവശ്യത്തിലധികം ആഹരിക്കുമ്പോള്‍ ദുര്‍മ്മേദസ്സും കുടവയറും അനുബന്ധരോഗങ്ങളും ഉണ്ടാകുന്നു.

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെനോക്കുന്നതാണ് ഹൃദയത്തിനും നമുക്കും നല്ലത്.