ദുബായിലെ പാര്‍ക്കുകളിലെ വിളക്കുകള്‍ക്ക് ഇനി സൗരോര്‍ജ്ജം

single-img
28 September 2011

ദുബായ്: ദുബായിലെ പാര്‍ക്കുകളില്‍ വെളിച്ചം പകരാന്‍ ഇനി സൗരോര്‍ജ വിളക്കുകള്‍. പ്രകൃതിദത്ത രീതികള്‍ ഉപയോഗിച്ച് വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാനാണ് പാര്‍ക്കുകളെ സൗരോര്‍ജ വെളിച്ചത്തിലേക്ക് വഴിമാറ്റുന്നത്. ദുബായ് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂട്ടയാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതി ഇതിനോടകം തന്നെ ആരംഭിച്ചതായും താമസിയാതെ എല്ലാ പാര്‍ക്കുകളിലും പൂര്‍ണമായി ഇത്തരം വിളക്കുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് നഗരത്തിന്റെ സ്ഥായിയായ വികസനത്തിനായി ആവിഷ്‌കരിച്ച നിരവധി പദ്ധതികളുടെ ഭാഗമായിട്ടാണ് നടപടിയെന്ന് ഹുസൈന്‍ നാസര്‍ ലൂട്ട വ്യക്തമാക്കി. കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദരീതികള്‍ ഉപയോഗിച്ച് ഇവ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായിയുടെ സമീപപ്രദേശമായ അല്‍ സൊഫൗവിലെ പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം പൂര്‍ണമായി സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. 1.55 ഹെക്ടര്‍ വരുന്ന ഈ പാര്‍ക്കിലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ച് രാത്രിയിലും പാര്‍ക്കിന്റെ മനോഹാരിത നഷ്ടപ്പെടാത്ത തരത്തിലായിരുന്നു വിളക്കുകള്‍ ഒരുക്കിയത്. ഇതേ രീതിയില്‍ തന്നെയാകും ദുബായിലെ പാര്‍ക്കുകളിലും പദ്ധതി നടപ്പാക്കുക.