ഫെഡറേഷന്‍ കപ്പ് ഫുഡ്‌ബോളില്‍ നിന്നും ചിരാഗ് പുറത്തായി

single-img
21 September 2011

കോല്‍ക്കത്ത: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന് ചിരാഗ് കേരള പുറത്ത്. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവയോടു തോറ്റാണ് കേരളത്തിന്റെ ഏക പ്രതീക്ഷയായിരുന്ന ചിരാഗ് യുണൈറ്റഡ് കേരള പുറത്തായത്. മത്സരം സമനിലയിലേക്കെന്ന സൂചന നല്‍കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഗോള്‍ പിറന്നത്. 86 -ാം മിനിറ്റില്‍ കാലു എന്‍ ഒബയാണ് കേരളത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ പ്രയാഗിനോടാണ് ചിരാഗ് പരാജയപ്പെട്ടത്. ഇതോടെ പോയിന്റുനിലയില്‍ ഏറ്റവും പിന്നിലായി ചിരാഗ് കേരള.

അതേസമയം, സാല്‍ഗോക്കര്‍ ഗോവ മിന്നുന്ന ജയത്തോടെ സെമി സാധ്യത വര്‍ധിപ്പിച്ചു. സാല്‍ഗോക്കര്‍ എച്ച്എഎല്‍ ബാംഗളൂരിനെ 4-0 നാണ് പരാജയപ്പെടുത്തിയത്. ദിയൂജി സിയോബ (26), റോക്കസ് ലാമരെ (29), ചിഡ് എഡെ (33), ലൂസിയാനൊ സബ്രോസ (52) എന്നിവരാണ് സാല്‍ഗോക്കറിന്റെ ജയമൊരുക്കിയത്. മറ്റൊരു മത്സരത്തില്‍ പാലിയന്‍ ആരോസ് മുംബൈ എഫ്‌സിയെ 2-1 നു തോല്‍പ്പിച്ചു. പാലിയന്‍ ആരോസിനു വേണ്ടി 82 -ാം മിനിറ്റില്‍ മലയാളിതാരം സബീത് ലക്ഷ്യം കണ്ടു. എട്ടാം മിനിറ്റില്‍ ജിബോന്‍ സിംഗാണ് ആരോസിന്റെ ആദ്യഗോള്‍ നേടിയത്. ലാലംപൂലിയയാണ് മുംബൈ എഫ്‌സിയുടെ ആശ്വാസഗോള്‍ നേടിയത്.