വാര്‍ത്തകള്‍ ചോരുന്നത് നാണക്കേട്: പിണറായി

single-img
13 August 2011

കണ്ണൂര്‍: സി.പി.എമ്മില്‍നിന്ന് വാര്‍ത്തകള്‍ ചോരുന്നത് പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പുറത്തുവരുന്ന എല്ലാ വര്‍ത്തകളും ശരിയല്ല. എന്നാല്‍ വാര്‍ത്താ ചോര്‍ച്ച സി.പി.എം പോലെയുള്ള ഒരു പാര്‍ട്ടിയ്ക്ക് ചേര്‍ന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെ മികവുകൊണ്ട് മാത്രമല്ല വാര്‍ത്തകള്‍ ചോരുന്നത്. ഇതിനു പിന്നില്‍ മറ്റുചിലതുകൂടിയുണ്ട്. എന്നാല്‍ അത് എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പാമോയില്‍ കേസില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആവശ്യപ്പെട്ടപ്പോഴാണ് വിജിലന്‍സ് വകുപ്പ് ഉമ്മന്‍ചാണ്ടി ഒഴിയണണെന്ന് കോടിയേരി ആവശ്യപ്പെട്ടത്. പിന്നീട് നടന്ന ആലോചനയെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനംതന്നെ രാജിവെക്കണമെന്ന നിലപാട് സ്വീകരിച്ചത്. തുടര്‍ന്ന് ഉമ്മന്‍ചണ്ടി രാജിവെക്കണമെന്ന് അന്നുതന്നെ കോടിയേരി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

കോടിയേരിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയില്ല

വി.എസ്സിനെതിരെ സംസ്ഥാന സമിതി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണ്. മുഖ്യമന്ത്രിസ്ഥാനത്ത് ഉമ്മന്‍ചാണ്ടി തുടരുകയാണെങ്കില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. നിയമവ്യവസ്ഥ അംഗീകരിക്കുന്നുവെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കോര്‍പ്പറേറ്റുകളുടെ വക്താവാണ് ആസൂത്രണ കമ്മീഷന്‍ അംഗമായി നിയമിച്ച തരുണ്‍ ദാസ്. കേരളത്തിലെ ആസൂത്രണ കമ്മീഷന്‍ അംഗമാവാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിലെ ഫെയര്‍ സ്റ്റേജുകള്‍ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണം. കാസര്‍കോട് വെടിവെപ്പിനു പിന്നില്‍ മുസ്‌ലിം ലീഗിന്റെ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.