വേദി ലഭിച്ചില്ലെങ്കില്‍ ജയിലില്‍ നിരാഹാരം:ഹസാരെ

single-img
10 August 2011

മുംബൈ: ശക്തമായ ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ടു 16നു ഡല്‍ഹിയില്‍ ആരംഭിക്കുന്ന നിരാഹാര സമരത്തിനു വേദി അനുവദിച്ചില്ലെങ്കില്‍ പകരം ജയിലില്‍ നിരാഹാരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍ സമരത്തിനു മുന്നോടിയായി മുംബൈയില്‍ ക്വിറ്റ് ഇന്ത്യ ദിനത്തില്‍ നടത്തിയ അഴിമതി വിരുദ്ധ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിരാഹാരത്തിനായി അഞ്ചു വേദികള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ മറുപടി ലഭിച്ചിട്ടില്ല. ലാത്തിയായാലും വെടിയുണ്ടയായാലും നേരിടാന്‍ തയാറാണെന്നും രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണു ജീവിതമെന്നും ഹസാരെ ആവര്‍ത്തിച്ചു.പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ ജനവിരുദ്ധമെന്ന് ആരോപിച്ച അദ്ദേഹം, ആസാദ് മൈതാനില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്കു മുന്നില്‍ അതിന്റെ പകര്‍പ്പ് കത്തിച്ചു. തുടര്‍ന്ന്, അഴിമതി വിരുദ്ധ സന്ദേശവുമായി ദക്ഷിണ മുംബൈയിലെ ഒാഗസ്റ്റ്ക്രാന്തി മൈതാനത്തേക്കു മാര്‍ച്ച് നടത്തി.

”വിവരാവകാശ നിയമത്തിനായി (ആര്‍ടിഐ) 10 വര്‍ഷം പോരാടി. 12 ദിവസത്തെ നിരാഹാരത്തെ തുടര്‍ന്നാണ് അതു യാഥാര്‍ഥ്യമായത്. ആര്‍ടിഐ വഴി എത്രയോ അഴിമതികളാണു പുറത്തുവന്നത്. അതിലും വലിയ മാറ്റമാണു ലോക്പാല്‍ വഴി സംഭവിക്കുക. പക്ഷേ, പൌരസമൂഹ പ്രതിനിധികളുടെ പ്രധാന നിര്‍ദേശങ്ങളെല്ലാം സര്‍ക്കാര്‍ തള്ളി. സ്വാതന്ത്യ്രദിന രാത്രിയില്‍ എട്ടു മുതല്‍ ഒന്‍പതു വരെ രാജ്യമാകെ ജനങ്ങള്‍ ലൈറ്റ് അണച്ചു പ്രതിഷേധത്തില്‍ പങ്കുചേരണമെന്നും ഹസാരെ അഭ്യര്‍ഥിച്ചു.