അര്‍ജന്‍റീനാ-പോര്‍ച്ചുഗല്‍, മെക്‌സിക്കോ-കൊളംബിയ ക്വാര്‍ട്ടര്‍

single-img
10 August 2011

ബൊഗോട്ടൊ (കൊളംബിയ): പെനാല്‍ട്ടി കിക്കുകളുടെ പ്രളയംകണ്ട നോക്കൗട്ട് റൗണ്ട് പിന്നിട്ടപ്പോള്‍ അണ്ടര്‍-20 ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീനാ – പോര്‍ച്ചുഗല്‍, മെക്‌സിക്കോ – കൊളംബിയ ക്വാര്‍ട്ടര്‍ പോരാട്ടം, അര്‍ജന്‍റീന പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെയാണ് കീഴടക്കിയത് (2-1). പോര്‍ച്ചുഗലിന്റെ ജയം ഗ്വാട്ടിമാലയ്‌ക്കെതിരെയായിരുന്നു (1-0) മെക്‌സിക്കോയ്ക്ക് കാമറൂണിനെതിരെ ജയം നേടാന്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് വേണ്ടിവന്നപ്പോള്‍ ആതിഥേയരായ കൊളംബിയ ആവേശകരമായ പോരാട്ടത്തില്‍ കോസ്റ്റാറിക്കയെ കഷ്ടിച്ച് മറികടക്കുകയായിരുന്നു (3-2).

ഭാവിവാഗ്ദാനം എറിക് ലമേലയുടെ ഇരട്ട പെനാല്‍ട്ടി ഗോളിലാണ് അര്‍ജന്‍റീന ജയം കണ്ടത്. ഈജിപ്ത് നേടിയ ഗോളും സ്‌പോട്ട് കിക്കില്‍നിന്നായിരുന്നു. ഒന്നാം പകുതിയില്‍ 34-ാം മിനിറ്റിലായിരുന്നു ലമേലയുടെ ആദ്യഗോള്‍. ഇടവേളയ്ക്കുശേഷം കാര്‍ലോസ് ലുക്വെ നേടിക്കൊടുത്ത സ്‌പോട്ട്കിക്കില്‍ ലമേല വീണ്ടും ലക്ഷ്യം കണ്ടതോടെ അര്‍ജന്‍റീന രണ്ടു ഗോള്‍ ലീഡ് നേടി. 70-ാം മിനിറ്റിലാണ് മുഹമ്മദ് സല ഈജിപ്തിനായി ഒരു ഗോള്‍ മടക്കിയത്. 80-ാം മിനിറ്റില്‍ മുഹമ്മദ് ഹാംദിയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ അര്‍ജന്‍റീന ഗോളി അപ്രാദ കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്.

കറുത്ത കുതിരകളായ ഗ്വാട്ടിമാലയ്‌ക്കെതിരെ നിറം മങ്ങിയ ജയമായിരുന്നു പോര്‍ച്ചുഗലിന്‍േറത്. കളി തുടങ്ങി ഏഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി വലകടത്തി നെല്‍സണ്‍ ഒലിവേരയാണ് പോര്‍ച്ചുഗലിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്.

കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനിലെ്ക്ക ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച ജെയിംസ് റോഡ്രിങ്‌സാണ് പൊരുതിക്കളിച്ച കോസ്റ്റാറിക്കയ്‌ക്കെതിരെ കൊളംബിയയ്ക്ക് ജയം സമ്മാനിച്ചത്. ഗോള്‍ രഹിതമായ ആദ്യപകുതിക്കുശേഷം കൊളംബിയയാണ് 56-ാം മിനിറ്റില്‍ ലൂയിസ് മൂരിയലിന്റെ ഗോളില്‍ മുന്നില്‍ കടന്നത്. എന്നാല്‍, ഏഴു മിനിറ്റിനുശേഷം ജോണ്‍ റൂയിസ് കോസ്റ്റാറിക്കയ്ക്ക് സമനില നല്‍കി. പിന്നീട് മൈനര്‍ എസ്‌കൊ അവര്‍ക്ക് ലീഡ് നല്‍കുകയും ചെയ്തതോടെ ആതിഥേയര്‍ അങ്കലാപ്പിലായിരുന്നു. എന്നാല്‍, 79-ാം മിനിറ്റിലെ ഹെഡ്ഡര്‍ ഗോളില്‍ പ്രാക്കൊ കൊളംബിയയ്ക്ക് സമനില നല്‍കി.

നിശ്ചിതസമയത്തും അധികസമയത്തും 1-1ന് സമനിലയില്‍ പിരിഞ്ഞതിനെത്തുടര്‍ന്നാണ് മെക്‌സിക്കൊ-കാമറൂണ്‍ പോരാട്ടം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. കാമറൂണിന്റെ മൂന്ന് കളിക്കാര്‍ കിക്ക് പാഴാക്കിയപ്പോള്‍ മെക്‌സിക്കോയ്ക്ക് കാര്യങ്ങള്‍ അനായാസമായി.