രാജ്യത്ത് ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ നീക്കം

single-img
9 August 2011

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.

ആക്രമണങ്ങള്‍ക്ക് പദ്ധതിയിടാന്‍ ഭീകരര്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ്, വാര്‍ത്താവിതരണ മന്ത്രാലത്തോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശീയസുരക്ഷ ഉറപ്പാക്കുകയെന്ന ഉദ്ദേശത്തോടെ, ഓണ്‍ലൈന്‍ രംഗത്ത് ഇന്ത്യ കൂടുതല്‍ ജാഗ്രത ഏപ്പെടുത്തുന്നതിന്റെ സൂചനയായി ഈ നിക്കം വിലയിരുത്തപ്പെടുന്നു.

നിയമപരമായ ഇടപെടലിനും നിരീക്ഷണത്തിനും ഇന്ത്യയില്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് നടത്തുന്നവര്‍ സൗകര്യം ചെയ്തു തരുന്നുണ്ടെന്ന്, വാര്‍ത്താവിതരണ സഹമന്ത്രി മിലിന്ദ് ദിയോറ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ചില ഓണ്‍ലൈന്‍ വിനിമയങ്ങള്‍ രഹസ്യസ്വഭാവം പുലര്‍ത്തുണ്ടെന്നും ദിയോറ പറഞ്ഞു.

ഇതിനകം രാജ്യത്ത് നിലവില്‍ വന്നുകഴിഞ്ഞ ഐടി നിയമം അനുസരിച്ച്, കോടതി വിധിയില്ലാതെ തന്നെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ (പാസ്‌വേഡുകള്‍ അടക്കം) സുരക്ഷാ എജന്‍സികള്‍ക്ക് നല്‍കാന്‍, ഇന്റര്‍നെറ്റ് സര്‍വീസ് നടത്തുന്നവരും വെബ്ബ്‌സൈറ്റ് അധികൃതരും ബാധ്യസ്ഥരാണ്.

എന്നിരുന്നാലും, മിക്ക കമ്പനികളും കോടതി വിധിയില്ലാതെ ഇപ്പോഴും വിവരങ്ങള്‍ നിയമപാലകര്‍ക്ക് കൈമാറാന്‍ തയ്യാറാകുന്നില്ല. യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ കോടതി ഉത്തരവില്ലാതെ കൈമാറില്ല എന്ന് ട്വിറ്റര്‍ അതിന്റെ ഗൈഡ്‌ലൈന്‍സില്‍ പറയുന്നു. ഫെയ്‌സ്ബുക്കിന്റെയും നിലപാട് ഏതാണ്ട് ഇതിന് തുല്യമാണ്.

ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള 10 ജനപ്രിയ സൈറ്റുകളില്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പെടുന്നുവെന്നാണ് റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തല്‍.

നെറ്റ്‌വര്‍ക്കുകളില്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണം അനുവദിക്കാന്‍ ഗൂഗിള്‍, സ്‌കൈപ്പ് പോലുള്ള കമ്പനികളോട് ആവശ്യപ്പെട്ടു കഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

ബ്ലാക്ക്‌ബെറി നിര്‍മാതാക്കളായ ‘റിസര്‍ച്ച് ഇന്‍ മോഷന്‍’ (റിം) കമ്പനിയോടും, അവരുടെ ശൃംഖലയിലൂടെ വിനിമയം ചെയ്യപ്പെടുന്ന ഈമെയില്‍ സന്ദേശങ്ങളുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, എന്‍ക്രിപ്റ്റഡ് രൂപത്തില്‍ വിനിമയം ചെയ്യപ്പെടുന്ന ഈമെയിലുകളുടെ വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കുക സാങ്കേതികമായി അസാധ്യമെന്നാണ് റിം കമ്പനിയുടെ നിലപാട്.

റിം കമ്പനിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ സമയം നീട്ടിക്കൊടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെ കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മറ്റി വിമര്‍ശിച്ചിരുന്നു.