മാസപ്പടി ; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കോടതിയെ സമീപിക്കും: മാത്യു കുഴല്‍നാടന്‍

single-img
14 December 2023

സിഎംആര്‍എല്‍ കമ്പനിക്ക് ആവശ്യംപോലെ കരിമണല്‍ ലഭിക്കാന്‍ വഴി ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ 2018 ല്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമെന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ ആരോപിച്ചു . കൊല്ലം ജില്ലയിലെ തോട്ടപ്പള്ളിയിലെ കരിമണല്‍ ഇപ്പോഴും സിഎംആര്‍എല്ലിന് ലഭിക്കുന്നത് ഈ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മാസപ്പടിക്ക് കാരണമായ സേവനം ഇതാണെന്നും മാത്യൂ കുഴല്‍നാടന്‍ ആരോപിച്ചു.

വര്‍ഷങ്ങളോളം സിഎംആര്‍എല്ലിന് മണല്‍ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്നും സിഎംആര്‍എല്‍ കമ്പനി ആകെ 90 കോടി സംഭാവന നല്‍കിയിട്ടുണ്ട്. പി വി എന്നത് പിണറായി വിജയന്‍ അല്ല എന്ന് പറയുന്നതിലെ ഔന്നിത്യം എന്താണെന്നും എംഎല്‍എ ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും രണ്ടര മാസമായിട്ടും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടര്‍നടപടിയില്ലാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും മാത്യൂ കുഴല്‍ നാടന്‍ വ്യക്തമാക്കി.