ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോൾ: എഎൻ ഷംസീർ
താൻ ഏറ്റെടുക്കുന്ന സ്പീക്കർ എന്ന പദവി കൃത്യമായി നിർവഹിക്കുമെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ. സ്പീക്കറാണോ എന്ന് പ്രതിപക്ഷ നേതാവ് മുമ്പ് ചോദിച്ചതല്ലേ, ഇപ്പോള്‍ സ്പീക്കറായി’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജനപ്രതിനിധിയാകുമ്പോൾ ഓരോ റോളുകൾ ആണെന്നും ഭരണപക്ഷത്തെ തന്റെ ചുമതല ഭരണപക്ഷത്തെ സംരക്ഷിക്കുക എന്നതായിരുന്നുവെന്നും പ്രതിപക്ഷം ഭരണപക്ഷത്തെ ആക്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കുക എന്നത് തന്റെ കടമയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ ശക്തമായി ഭരണപക്ഷത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നസാഹചര്യത്തിൽ സ്വാഭാവികമായും പ്രതിപക്ഷത്തുനിന്ന് ആക്ഷേപങ്ങൾ ഉയരാമെന്നും ആ രീതിയിലുള്ള ഒരു ആക്ഷേപമായേ താൻ ഈ സംഭവത്തെ താൻ കാണുന്നുളൂവെന്നും എ എൻ ഷംസീർ പറയുന്നു.
നിയമസഭയിൽ പരസ്പരം കൊമ്പുകോർക്കുമ്പോഴും ഫ്ലോറിങ് പുറത്ത് അവരുമായി വളരെ നല്ല സൗഹൃദമാണ് തനിക്ക് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം എന്നത് സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണെന്നും പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും യോജിപ്പിച്ച് കൊണ്ടുപോകുമെന്നും ഷംസീർ പറഞ്ഞു.
“സ്പീക്കർ എന്ന പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. നിയമസഭയുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമമുണ്ടായാൽ പ്രതിപക്ഷത്തെയും കൂട്ടിച്ചേർത്ത് എതിർക്കും. രാഷ്ട്രീയം പറയേണ്ട ഘട്ടത്തിൽ പറയും എന്നാൽ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകില്ല.ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണ്. പ്രതിപക്ഷത്തിന് മാന്യമായ പരിഗണന ഈ ആറ് വർഷക്കാലം ഭരണപക്ഷം നൽകിയിട്ടുണ്ട്”. എ എൻ ഷംസീർ പറഞ്ഞു.