അരിക്കൊമ്ബനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം തുടങ്ങി

single-img
28 April 2023

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്ബനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം തുടങ്ങി.

പുലര്‍ച്ചെ നാലരയോടെയാണ് ദൗത്യം ആരംഭിച്ചത്. വനം വകുപ്പ് ജീവനക്കാര്‍, മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ ഉള്‍പ്പെടെ 150 പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിക്കാന്‍ ചുമതലപ്പെടുത്തിയ ആദ്യസംഘം പുലര്‍ച്ചെ നാലേമുക്കാലോടെ കാട്ടിലേക്ക് തിരിച്ചു. ഈ സംഘം 6.20ഓടെ ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിച്ച്‌ മയക്കുവെടി വയ്ക്കാനുള്ള രണ്ടാം സംഘം ദൗത്യത്തിനായി രംഗത്തിറങ്ങി. ആറരയോടെ കുങ്കിയാനകളും രംഗത്തിറങ്ങി.

301 കോളനിക്കു സമീപമുള്ള വനപ്രദേശത്താണ് വ്യാഴാഴ്ച അരിക്കൊമ്ബനെ കണ്ടതെങ്കില്‍ ഇന്നു പുലര്‍ച്ചെ മുത്തമ്മ കോളനിക്കു സമീപമാണ് കണ്ടതെന്നായിരുന്നു വിവരം. എന്നാല്‍ പിന്നീടാണ് സിമന്റ് പാലം പ്രദേശത്ത് അരിക്കൊമ്ബന്‍ നില്‍ക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് മയക്കുവെടി വയ്ക്കാന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്മാര്‌‍ അടങ്ങുന്ന സംഘം ബേസ് ക്യാംപില്‍ നിന്ന് പുറപ്പെട്ടത്. ആനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്ബന്‍ നിലവിലുള്ളത്. ആനയെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു. എന്നാല്‍, ഈ ശ്രമം പരാജയപ്പെട്ടതോടെ ദൗത്യം നീളുകയാണ്.

വാഹനമെത്താന്‍ കഴിയാത്ത സ്ഥലത്താണ് നിലവില്‍ ആന നില്‍ക്കുന്നത്. ആനയെ പ്ലാന്റേഷനില്‍ നിന്ന് പുറത്തെത്തിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമം നടക്കുന്നത്. അരിക്കൊമ്ബനെ ദൗത്യസംഘം വളഞ്ഞിരിക്കുകയാണ്. നീങ്ങാന്‍ സാധ്യതയുള്ള മേഖലയിലേക്ക് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. മയക്കുവെടി വയ്ക്കുന്നതിനായി കൃത്യമായി പൊസിഷന്‍ കാത്തിരിക്കുകയാണ് ദൗത്യസംഘം.

അരിക്കൊമ്ബനെ പിടിക്കാന്‍ സമ്ബൂര്‍ണ്ണ സജ്ജരായാണ് വനം വകുപ്പ് രംഗത്തുള്ളത്. ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്കൂളില്‍ പുലര്‍ച്ചെ 4.30 ന് അവലോകന യോഗം നടത്തി അവസാനവട്ട ഒരുക്കം നടത്തിയ ശേഷമാണ് ദൗത്യത്തിലേക്ക് ഉദ്യോഗസ്ഥര്‍ കടന്നത്.

അഞ്ച് മയക്കുവെടികളെ അതിജീവിച്ചവനാണ് അരിക്കൊമ്ബന്‍. ഇതാണ് ഇത്തവണത്തെ ദൗത്യത്തിലും വനം വകുപ്പിനെ കുഴക്കുന്ന പ്രധാന പ്രശ്നം. മൂന്ന് മണി വരെ മയക്കുവെടി വയ്ക്കാം എന്നാണ് നിയമം. ഇന്ന് തന്നെ ദൗത്യം നിര്‍വഹിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. അതേസമയം, അരിക്കൊമ്ബനെ പിടികൂടി എങ്ങോട്ട് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാന്‍ പരിഗണിക്കുന്ന പെരിയാര്‍ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇന്നു ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസവും ശ്രമം തുടരുമെന്നു കോട്ടയം ഡിഎഫ്‌ഒ എന്‍.രാജേഷ് വ്യക്തമാക്കി. ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദൗത്യം പൂര്‍ത്തിയാകും വരെയാണ് നിയന്ത്രണം.

അരിക്കൊമ്ബനെ ഇന്നുതന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് കോട്ടയം സര്‍ക്കിള്‍ സിസിഎഫ് ആര്‍.എസ്.അരുണ്‍ പറഞ്ഞു. എന്നാല്‍ കാലാവസ്ഥയും വെടിയേറ്റ ശേഷം ആന നില്‍ക്കുന്ന സ്ഥലവും നിര്‍ണായകമായിരിക്കും. ആനയ്ക്ക് ദോഷംവരുന്ന രീതിയില്‍ ദൗത്യം നടപ്പാക്കാനാവില്ല. എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ ദൗത്യം മാറ്റിവയ്ക്കേണ്ടിവരും. പ്രദേശത്ത് നിരോധനാജ്്ഞ പ്രഖ്യാപിച്ചത് ജനങ്ങളുടെ സുരക്ഷയെ കരുതിയാണെന്നും സിസിഎഫ് പറഞ്ഞു.