രാജ്യം സൃഷ്ടിച്ചത് അല്ലാഹു;രാജ്യത്തിന്റെ വികസനത്തിന്റെ ഉത്തരവാദിത്തം അല്ലാഹുവിനു; സാമ്ബത്തിക പ്രതിസന്ധിക്കിടെ വിവാദ പരാമര്‍ശവുമായി പാകിസ്ഥാന്‍ ധനമന്ത്രി

single-img
29 January 2023

ഇസ്ലാമാബാദ്: കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ വിവാദ പരാമര്‍ശവുമായി പാകിസ്ഥാന്‍ ധനമന്ത്രി.

രാജ്യം സൃഷ്ടിച്ചത് അല്ലാഹുവാണെന്നും രാജ്യത്തിന്റെ വികസനത്തിന്റെ ഉത്തരവാദിത്തം അല്ലാഹുവിനാണെന്നും അദ്ദേഹം ധനമന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു. മന്ത്രിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇസ്ലാമിന്റെ പേരില്‍ സ്ഥാപിതമായ ഒരേയൊരു രാജ്യം പാകിസ്ഥാനാണെന്നും അതിന്റെ വികസനത്തിനും സമൃദ്ധിക്കും ഉത്തരവാദി അല്ലാഹുവാണെന്നുമാണ് ഇഷാഖ് ദാര്‍ പറഞ്ഞത്. ഇസ്ലാമാബാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) മുതിര്‍ന്ന നേതാവ്പ. ഇസ്ലാമിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ പാകിസ്ഥാന്‍ പുരോഗമിക്കുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.

”പാകിസ്ഥാനെ സൃഷ്ടിക്കാന്‍ അല്ലാഹുവിന് കഴിയുമെങ്കില്‍, അതിനെ സംരക്ഷിക്കാനും വികസിപ്പിക്കാനും അഭിവൃദ്ധിപ്പെടുത്താനും അവനു കഴിയും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സര്‍ക്കാരും രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്റെ നയങ്ങളായിരുന്നു. അഞ്ച് വര്‍ഷം മുമ്ബ് ആരംഭിച്ച ‘നാടകം’ കാരണം രാജ്യം ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്”- പാക് ധനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥിതി മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തില്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നും നടപ്പ് സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ധനക്കമ്മി 115 ശതമാനത്തിലധികം വര്‍ധിക്കുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആണവശക്തിയായ ഒരു രാജ്യം സാമ്ബത്തിക സഹായം തേടുന്നത് ലജ്ജാകരമായ കാര്യമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പണമില്ലാത്ത രാജ്യത്തിന്റെ സാമ്ബത്തിക പ്രതിസന്ധിക്ക് കടം വാങ്ങുന്നത് ശാശ്വത പരിഹാരമല്ലെന്നും സൗഹൃദ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വായ്പകള്‍ ആവശ്യപ്പെടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.