വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം വച്ചത് രോഗി തന്നെയാണെന്ന് കൂടിയേ ഇനി പറയാന്‍ ബാക്കിയുള്ളൂ: കെ.സി വേണുഗോപാല്‍

single-img
23 February 2026

വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം വച്ചത് രോഗി തന്നെയാണെന്ന് കൂടിയേ ഇനി പറയാന്‍ ബാക്കിയുള്ളൂവെന്ന് കെ.സി.വേണുഗോപാല്‍ എംപി. ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ ആര്‍ട്ടറി ഫോര്‍സെപ്‌സ് വയറ്റില്‍ കുടുങ്ങിയ രോഗിയെ കെസി വേണുഗോപാല്‍ സന്ദര്‍ശിച്ചു.

വയറ്റില്‍ നിന്ന് ശസ്ത്രക്രിയാ ഉപകരണം (ആര്‍ട്ടറി ഫോര്‍സെപ്‌സ്) നീക്കം ചെയ്ത ശേഷം ആശുപത്രിയില്‍ കഴിയുന്ന ആലപ്പുഴ പുന്നപ്ര യിലെ ഉഷാ ജോസഫിനെ (51) സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.

ആലപ്പുഴ എംപിയായ കെ.സി.വേണുഗോപാല്‍ ഇടപെട്ടാണ് ഉഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ചികിത്സ ലഭ്യമാക്കിയതും. ഐസിയുവില്‍ കഴിയുന്ന ഉഷയെ ഇന്ന് മുറിയിലേക്ക് മാറ്റിയേക്കും. വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം ഉണ്ടെന്ന് അറിഞ്ഞിട്ടു പോലും അഡ്മിറ്റ് ചെയ്ത് അത് പുറത്തെടുക്കാതെ പിന്നീടു വരാന്‍ പറഞ്ഞുവിടുകയാണ് മെഡിക്കല്‍ കോളജുകാര്‍ ചെയ്തത് എന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

കേരളത്തിന്റെ ആരോഗ്യമേഖലയെ ബാധിച്ചിരിക്കുന്ന കെടുകാര്യസ്ഥതയ്ക്കും അനാസ്ഥയ്ക്കും പരിഹാരമുണ്ടാക്കുന്നതിന് പകരം ഇവിടെ പ്രശ്‌നമൊന്നുമില്ല എന്ന് വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. അവരുടെ വയറ്റില്‍ ഉപകരണം വച്ചതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇനി ഉഷ തന്നെ ഉപകരണം എടുത്തു വച്ചു എന്നും അവരു തന്നെയാണ് ഉത്തരവാദി എന്നും പറയുമോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഇപ്പോള്‍ അവര്‍ക്ക് ആകെ കുറ്റപ്പെടുത്താന്‍ പറ്റുന്നത് രോഗിയെയാണ്. ഇതൊക്കെ പൊതുസമൂഹത്തിനു മുന്നിലുണ്ടെന്ന് ഓര്‍മ വേണമെന്നും െക.സി.വേണുഗോപാല്‍ പറഞ്ഞു.

തങ്ങളാരും സര്‍ക്കാര്‍ ആശുപത്രികളെ മോശമാക്കാനല്ല പറയുന്നത് എന്നും, ആ വീഴ്ചകളെ പരിഹരിക്കേണ്ട ‘സിസ്റ്റ’ത്തിന് തന്നെയാണ് വീഴ്ച സംഭവിച്ചിരിക്കുന്നതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. സിസ്റ്റം പരാജയപ്പെട്ടു എന്നു പറയുമ്പോള്‍ അത് പരിഹരിക്കുന്നതിനു പകരം അത് പറഞ്ഞവരെ വിചാരണ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.