ഒരു അമ്മൂമ്മ കൊച്ചുമക്കളോട് പറയാൻ പാടില്ലാത്ത തരത്തിലുള്ള വാക്കുകളാണ് എനിക്ക് നേരെ ഉപയോഗിച്ചത്; അമ്മൂമ്മയുടെ ആരോപണങ്ങൾ തള്ളി അഹാന

അഹാന കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി താരം രംഗത്തെത്തി. അമ്മൂമ്മയും കസിനും ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവയെല്ലാം തള്ളിക്കളയുന്നതായും അഹാന വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദീർഘ കുറിപ്പിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ആരോപണങ്ങളുമായി ബന്ധപ്പെട്ട സത്യം തെളിയിക്കുന്ന ചാറ്റുകളും ഓഡിയോ റെക്കോർഡുകളും വീഡിയോ ദൃശ്യങ്ങളും തന്റെ കൈവശമുണ്ടെന്ന് അഹാന പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണം നടത്തിയ കസിനെതിരെ നിയമനടപടി സ്വീകരിക്കാൻ അഭിഭാഷകരിൽ നിന്ന് ഉപദേശം ലഭിച്ചിരുന്നുവെങ്കിലും, കുട്ടികളുടെ ഭാവി പരിഗണിച്ച് അതിൽ നിന്ന് പിന്മാറുകയാണെന്നും അവർ വ്യക്തമാക്കി.
കുടുംബത്തിലെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെ ചർച്ചാവിഷയമായതിൽ ഖേദം പ്രകടിപ്പിച്ച അഹാന, തന്റെ അമ്മയെ ലക്ഷ്യമിട്ട് ഉയർന്ന വിമർശനങ്ങളാണ് പ്രതികരിക്കാൻ തന്നെ നിർബന്ധിതയാക്കിയതെന്ന് പറഞ്ഞു.
“നാലു ചുവരുകൾക്കുള്ളിൽ തീരേണ്ടിയിരുന്ന ഒരു വിഷയം പൊതുമധ്യത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. എന്റെ അമ്മ അർഹിക്കാത്ത വിമർശനങ്ങൾ നേരിടുന്നത് കണ്ടപ്പോൾ മൗനം പാലിക്കാൻ കഴിഞ്ഞില്ല,” അഹാന കുറിപ്പിൽ വ്യക്തമാക്കി.
അമ്മൂമ്മയുമായുള്ള ബന്ധം 2025 ഒക്ടോബർ മുതൽ വഷളായതാണെന്നും അതിന് പൂർണ ഉത്തരവാദിത്തം അവർക്കാണെന്നുമാണ് അഹാനയുടെ ആരോപണം. താൻ അമ്മൂമ്മയോട് കടുത്ത ഭാഷയിൽ സംസാരിച്ചതായി ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിൽ, അതിന് കാരണം അവർ തന്നോട് ഉപയോഗിച്ച അപമാനകരമായ ഭാഷയാണെന്നും താരം പറഞ്ഞു.
“ഒരു അമ്മൂമ്മ കൊച്ചുമക്കളോട് പറയാൻ പാടില്ലാത്ത തരത്തിലുള്ള വാക്കുകളാണ് എനിക്ക് നേരെ ഉപയോഗിച്ചത്. അതിൽ അശ്ലീലവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഉൾപ്പെട്ടിരുന്നു,” അഹാന ആരോപിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില സന്ദേശങ്ങളെക്കുറിച്ചും താരം പ്രതികരിച്ചു. താൻ അയച്ചതെന്ന പേരിൽ ചില സന്ദേശങ്ങൾ മാത്രം വായിച്ചുകേൾപ്പിക്കുന്നവർ, അതിന് മുൻപുണ്ടായ സംഭാഷണങ്ങൾ എന്തുകൊണ്ട് മറച്ചുവയ്ക്കുന്നുവെന്ന് അഹാന ചോദിച്ചു.
അതേസമയം, അമ്മൂമ്മയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന ആരോപണം പൂർണമായും വ്യാജമാണെന്നും താരം വ്യക്തമാക്കി. അപ്പൂപ്പന്റെ മരണത്തിന് രണ്ട് മാസത്തിന് ശേഷം കുടുംബകാര്യങ്ങൾ സംസാരിക്കാൻ അമ്മൂമ്മയെ സന്ദർശിച്ച സംഭവമാണ് ഇപ്പോൾ തെറ്റായി അവതരിപ്പിക്കപ്പെടുന്നതെന്ന് അഹാന പറഞ്ഞു.
ആ സന്ദർശനത്തിന്റെ തുടക്കം മുതൽ അവസാനവരെ ഉള്ള മുഴുവൻ വീഡിയോ റെക്കോർഡിംഗും തന്റെ കൈവശമുണ്ടെന്നും, മുൻപ് സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചതായി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കുടുംബം ഇത്തരം കൂടിക്കാഴ്ചകൾ രേഖപ്പെടുത്തുന്ന പതിവ് രൂപപ്പെടുത്തിയിരുന്നുവെന്നും അഹാന കൂട്ടിച്ചേർത്തു.
കുടുംബവിവാദം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കെ, ആരോപണങ്ങൾക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടാനുള്ള സൂചനയും അഹാനയുടെ പ്രതികരണത്തിൽ കാണാം.


