സിദ്ധരാമയ്യയെ രാജ്യസഭ സീറ്റിൽ മത്സരിപ്പിക്കാൻ ധാരണ; ഡി കെ ശിവകുമാർ കർണാടകയിൽ മുഖ്യമന്ത്രിയായേക്കും

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായേക്കും. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ രാജ്യസഭ സീറ്റിൽ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ. സിദ്ധരാമയ്യ രാജിവച്ചേക്കുമെന്നാണ് സൂചന. എന്നാൽ ഹൈക്കമാൻഡ് തീരുമാനത്തിൽ സിദ്ധരാമയ്യ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ
കർണാടകയിലെ മുഖ്യമന്ത്രി തർക്കത്തിൽ മാരത്തൺ ചർച്ചയാണ് എഐസിസി ആസ്ഥാനത്ത് നടന്നത്. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സിദ്ധരാമയ്യയായും ഡി കെ ശിവകുമാറുമായും ഒന്നിച്ചും ഒറ്റയ്ക്കും ചർച്ചകൾ നടത്തി. എന്നാൽ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തള്ളിയായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം . കർണാടകയിലെ രാജ്യസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളുടെ കാര്യം മാത്രമാണ് ചർച്ചയായതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
എന്നാൽ യോഗത്തിൽ കർണാടകയിലെ മുഖ്യമന്ത്രിപദം ഡി കെ ശിവകുമാറിനായി ഒഴിഞ്ഞുനൽകണമെന്ന് ഹൈക്കമാൻഡ് സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഡൽഹിയിൽ ഉന്നത പദവിയും രാജ്യസഭ സീറ്റിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസിൽ ധാരണ. എന്നാൽ സിദ്ധരാമയ്യ ഇതുവരെ സമ്മതം മൂളിയിട്ടില്ല. സിദ്ധരാമയ്യയുമായി നാളെയും കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ച നടത്തിയേക്കും


