വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്തപ്പോഴാണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്: പ്രയാഗ മാർട്ടിൻ

ലഹരിക്കേസില്‍ മലയാള നടി പ്രയാഗ മാര്‍ട്ടിന്റെ പോലീസ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പൊലീസ് തന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞതായി പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നോട് രക്ത സാമ്പിളെടുക്കാന്‍ ആവശ്യപ്പെട്ടില്ലെന്നും പറഞ്ഞാല്‍ തയ്യാറാകുമെന്നും പ്രയാഗ പറഞ്ഞു.
മാധ്യമങ്ങളിൽ വാര്‍ത്ത വന്നതിന് ശേഷമാണ് താന്‍ ഓം പ്രകാശിനെ അറിയുന്നതെന്നും തനിക്കെതിരെ വരുന്ന വ്യാജ വാര്‍ത്തകൾ കാണുന്നുണ്ടെന്നും പ്രയാഗ കൂട്ടിച്ചേര്‍ത്തു. ‘സുഹൃത്തുക്കളെ കാണാൻവേണ്ടിയാണ് പോയത്. അവിടെ ലഹരി പാര്‍ട്ടി നടക്കുന്നതായി അറിയില്ലായിരുന്നു.
മാധ്യമങ്ങളിൽ വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്തപ്പോഴാണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്. നമ്മളെല്ലാം പല സ്ഥലത്ത് പോകുന്നയാളുകളാണ്. അപ്പോള്‍ ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെ ക്രിമിനലുകളുണ്ടോയെന്ന് ചോദിച്ചിട്ട് പോകാന്‍ പറ്റില്ലല്ലോ. അവിടെ പോയ സമയത്ത് പാര്‍ട്ടി ഒന്നും നടക്കുന്നുണ്ടായിരുന്നില്ല.
എന്റെ പേരില്‍ എന്തൊക്കെ വ്യാജ വാര്‍ത്തകളാണ് വരുന്നതെന്ന് ഞാന്‍ വായിക്കുന്നുണ്ട്. ഞാന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതല്ല, എന്റെ പേരിലുള്ള വാര്‍ത്തകള്‍ ഞാന്‍ അറിയുന്നുണ്ടെന്ന് പറയുകയാണ്. തീര്‍ച്ചയായും പൊലീസ് അതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കും. അതിനുള്ള ഉത്തരം ഞാന്‍ പറഞ്ഞു’, പ്രയാഗ പറഞ്ഞു.


